സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത ചെലവു ചുരുക്കൽ നിർദേശങ്ങൾ മുന്നോട്ടു വെച്ച് തോമസ് ഐസക്. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്യും. ജീവനക്കാരെ പുനർവിന്യസിച്ച് തസ്തിക സൃഷ്ടിക്കൽ കുറയ്ക്കാനും ബജറ്റ് നിർദേശിക്കുന്നു.
എയ്ഡഡ് മേഖലയിൽ അധ്യാപക – വിദ്യാർഥി അനുപാതം കുറച്ചതിന്റെ മറവിൽ 18119 അധ്യാപക നിയമനങ്ങൾ നടന്നെന്നാണ് ധനവകുപ്പ് പറയുന്നത്. അനുപാതം കടന്ന് ഒരു കുട്ടി വർധിച്ചാൽ പുതിയ തസ്തിക എന്നതാണ് സ്ഥിതി. ഇത് മറികടക്കാൻ വിദ്യാഭ്യാസ ചട്ടം പരിഷ്കരിക്കും.
തദ്ദേശസ്ഥാപനങ്ങളിൽ ഡി.ആര്.ഡി.എ , ഓഡിറ്റ് വിഭാഗങ്ങളിലായി ചെക്പോസ്റ്റുകൾ നിർത്തലാക്കിയത് മൂലം നികുതി വകുപ്പിലും നിരവധി തസ്തികകൾ അപ്രസക്തമാണ്. ഇവരെ പുനർവിന്യസിക്കും. മറ്റ് വകുപ്പുകളിലേക്കും ഈ പരിശോധനയും പുനർവിന്യാസവും വ്യാപിപ്പിക്കും. ക്ഷേമ പെൻഷനുകളിൽ അനർഹരെ ഒഴിവാകുന്നത് തുടരും. സർക്കാർ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ വാങ്ങുന്നതിന് പകരം വാടകക്കെടുക്കും. ഇലക്ടിക് വാഹനങ്ങൾ വാടകക്കെടുക്കുക വഴി ഇന്ധനച്ചെലവും മിച്ചം. ചെലവു ചുരുക്കൽ നടപടികൾ വഴി 1500 കോടി ലാഭിക്കാമെന്നാണ് ധനമന്ത്രി പ്രഖ്യാപിക്കുന്നത്.