UAE

കപ്പൽ ആക്രമണം: തിരിച്ചടിക്കുമെന്ന് ഇറാൻ

ചരക്കുകപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ. ഇതുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇസ്രായേലാണ് കപ്പലിനു നേരെ ആക്രമണം നടത്തിയതെന്ന് ഇറാൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

യൂറോപിലേക്ക് ചരക്കുമായി പോയ ഷഹ്റെ കുർദ് എന്ന ഇറാനിയൻ കപ്പലിനു നേരെയാണ് അടുത്തിടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ ചെറിയ അഗ്നിബാധ രൂപപ്പെെട്ടങ്കിലും ആർക്കും പരിക്കില്ല.

അന്താരാഷ്ട്ര സമുദ്ര സുരക്ഷാ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് ഇറാൻ ആരോപിച്ചു. അമേരിക്കയുടെ പിന്തുണയോടെ കപ്പലുകളുടെ സുരക്ഷ തകർക്കാനുള്ള ഇസ്രായേലിെൻറ ആസൂത്രിത നീക്കമാണ് നടന്നതെന്നാണ് ഇറാൻ കുറ്റപ്പെടുത്തൽ. ആക്രമണത്തെ അവഗണിക്കാൻ പറ്റില്ലെന്നും തിരിച്ചടി ഉറപ്പാണെന്നും ഇറാൻ വ്യക്തമാക്കിയതോടെ സമുദ്ര മേഖലയിൽ സംഘർഷത്തിന് വ്യാപ്തികൂടുകയാണ്.

രണ്ടാഴ്ച മുമ്പ് ഹെലിയോസ് റേ എന്ന ഇസ്രായേൽ ചരക്കു കപ്പൽ ഒമാൻ കടലിൽ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനു പിന്നിൽ ഇറാനാണെന്നാണ് ഇസ്രായേൽ ആരോപണം. പോയ മാസം മൂന്ന് ഇറാൻ ചരക്കുകപ്പലുകൾ ചെങ്കടലിലും ആക്രമണത്തിനിരയായിരുന്നു. ഒരു ഡസനിലേറെ ഇറാൻ കപ്പലുകൾക്കു നേരെ ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ച് യു.എസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിവാദമായിരുന്നു. എന്നാൽ വാർത്ത നിഷേധിക്കാൻ ഇസ്രായേൽ ഇനിയും തയാറായിട്ടില്ല.