ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം.
ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ ഇന്ത്യ പുതുക്കി. ഇതോടെ ഒക്ടോബര്‍ 31 വരെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാന്‍ കഴിയും. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനവിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 ന് ഇന്ത്യ ഖത്തറുമായി എയര്‍ബബിള്‍ കരാര്‍ ഉണ്ടാക്കിയത്. ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം.
ഓഗസ്റ്റ് 31 വരെ കാലാവധിയുണ്ടായിരുന്ന ഈ കരാറാണ് ഒക്ടോബര്‍ 31 വരെ നീട്ടിയത്. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍ കാലാവധി. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ ഇന്‍ഡിഗോ തുടങ്ങി വന്ദേഭാരത് സര്‍വീസ് നടത്തുന്ന കമ്പനികള്‍ നിലവില്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
മൊത്തം സര്‍വീസിന്‍റെ പകുതി ഖത്തര്‍ എയര്‍വേയ്സിനുള്ളതാണ്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് നേടിയവര്‍ക്കാണ് യാത്ര സാധ്യമാകുക. വിസാകാലാവധി തീര്‍ന്നവര്‍ക്കും റീ എന്‍ട്രിപെര്‍മിറ്റിന് അപേക്ഷിക്കാം. വിസാ കാലാവധി കഴിഞ്ഞവര‍്ക്കുള്ള ഫീസ് നേരത്തെ ഖത്തര്‍ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.