കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടവും തിരിച്ചൊഴുക്കും തീവ്രമായ ഘട്ടത്തിൽ കേരളം കൈവിടില്ലെന്ന പ്രതീക്ഷയിൽ പ്രവാസി സമൂഹം. കഴിഞ്ഞ വർഷം പ്രവാസി പുനരധിവാസം ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് മുൻഗണന നൽകാൻ കേരളം തയാറായിരുന്നു. ഇന്നത്തെ ബജറ്റിനെ താൽപര്യപൂർവം ഉറ്റുനോക്കുകയാണ് ഗൾഫിലെ സാധാരണ പ്രവാസികൾ.
തൊഴിൽപരമായ അനിശ്ചിതത്വവും തിരിച്ചൊഴുക്കും തുടരവെ, പ്രവാസി സമൂഹം കേരള ബജറ്റിൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. ആകർഷകമായ പുനരധിവാസ പദ്ധതി, കുറഞ്ഞ പലിശയിൽ സംരംഭങ്ങൾ ആരംഭിക്കാനുള്ള ധനസഹായം, മെച്ചപ്പെട്ട ഇൻഷുറൻസ് പദ്ധതി, തിരിച്ചെത്തിയവരിൽ വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തിയുള്ള സംരംഭങ്ങൾ ഉൾപ്പെടെ പ്രവാസലോകം പല നിർദേശങ്ങളും മുന്നോട്ടു വെച്ചിട്ടുണ്ട്.
90 കോടിയാണ് കഴിഞ്ഞ ബജറ്റിൽ മന്ത്രി ഡോ. തോമസ് െഎസക് പ്രവാസികൾക്കായി നീക്കിവെച്ചത്. പുനരധിവാസവുമായി ബന്ധപ്പെട്ട സാന്ത്വനം പദ്ധതിക്കാണ് ഇതിൽ 27 കോടിയും നീക്കിവെച്ചു. പ്രവാസിക്ഷേമ നിധിക്ക് 9 കോടിയും വകയിരുത്തി.
ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ 18 കോടി മാറ്റിവച്ച നടപടി വലിയ സ്വീകാര്യത നേടിയിരുന്നു. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് 2 കോടിയും പ്രവാസി ജോബ് പോർട്ടലിന് ഒരു കോടിയും നൈപുണ്യവികസനത്തിന് രണ്ടുകോടിയുമാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നത്. ഇടതു സർക്കാർ ആവിഷ്കരിച്ച ലോക കേരള സഭക്ക് 12 കോടിയെന്ന ഉയർന്ന തുക നീക്കിവെച്ചത് വ്യാപക വിമർശനത്തിനും ഇടയാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പു വർഷത്തിലെ ബജറ്റ് തങ്ങളെ കൈവിടില്ലെന്നു തന്നെയാണ് പ്രവാസലോകത്തിെൻറ പ്രതീക്ഷ