ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ അനുമതി നൽകിയിട്ടുണ്ട്
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി ദുബൈ ഇന്ന് മുതൽ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ അനുമതി നൽകിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് സിനിമാ തിയറ്ററുകളും ഇന്ന് തുറക്കും.
ഈദുൽഫിത്വർ അവധി അവസാനിക്കുന്ന ഇന്ന് മുതൽ ദുബൈയിൽ പൊതുജീവിതവും വാണിജ്യവും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരികയാണ്. രാവിലെ ആറ് മുതൽ രാത്രി 11 വരെ സഞ്ചാരവിലക്കില്ല. ജീവനക്കാരിൽ അമ്പത് ശതമാനം പേർക്കും ഓഫീസുകളിൽ ഹാജരാകാൻ തൊഴിൽമന്ത്രാലയം അനുമതി നൽകി. നേരത്തേ ഇത് മുപ്പത് ശതമാനമായിരുന്നു. ഭക്ഷണശാലകളിൽ സാമൂഹിക അകലം പാലിച്ച് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാം. സിനിമശാലകൾ ഇന്ന് മുതൽ 30 ശതമാനം പ്രേക്ഷകരെ പ്രവേശിപ്പിച്ച് പ്രദർശനം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും തിയേറ്ററുകളിൽ അണുനശീകരണം നടത്തും. രാവിലെ ആറ് മുതൽ രാത്രി 11 വരെ ദുബൈ മെട്രോ സർവീസ് നടത്തും.
നിയന്ത്രണം പാലിച്ച് ജിമ്മുകളിലും ബാർബർഷോപ്പുകളിലും, കുട്ടികൾക്കായുള്ള ക്ലിനിക്കുകളിലും ആവശ്യക്കാർക്ക് എത്താം. എല്ലായിടത്തും ഗ്ലൗസും മാസ്കും നിർബന്ധമായിരിക്കും. മാർച്ച് 29 മുതൽ ഓഫീസുകൾക്ക് മന്ത്രാലയം വർക്ക് ഫ്രം ഹോം നിർദേശിച്ചിരുന്നതാണ്. പകുതി ജീവനക്കാർക്ക് മടങ്ങി എത്താമെങ്കിലും 60 പിന്നിട്ടവർ, രോഗികൾ, ഗർഭിണികൾ, ഒമ്പത് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാർ എന്നിവർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ മുൻഗണന നൽകണം. ഷാർജയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും നിയന്ത്രണങ്ങളോടെ അതിഥികൾക്കായി തുറന്നു നൽകിയിട്ടുണ്ട്.