യുഎഇയിലേക്ക് വരുന്ന പ്രവാസികൾക്ക് ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല എന്ന് രണ്ടുദിവസം മുമ്പാണ് ഫെഡറൽ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെയും അറിയിപ്പുണ്ടായത്
റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് ദുബൈയിലേക്ക് വരാൻ ജിഡിആര്‍എഫ്എയുടെ അനുമതി വേണമോ എന്നത് സംബന്ധിച്ച് ആശയകുഴപ്പം തുടരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഇടക്കിടെ നൽകുന്ന പരസ്പരവിരുദ്ധമായ അറിയിപ്പുകളാണ് യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
യുഎഇയിലേക്ക് വരുന്ന പ്രവാസികൾക്ക് ഐസിഎയുടെ മുൻകൂർ അനുമതി ആവശ്യമില്ല എന്ന് രണ്ടുദിവസം മുമ്പാണ് ഫെഡറൽ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെയും അറിയിപ്പുണ്ടായത്. എന്നാൽ ഇന്നലെ ദുബൈ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ഇളവില്ല. അവർ ജി ഡി ആർ എഫ് എയുടെ മുൻകൂർ അനുമതി നേടിയിരിക്കണം എന്ന് എയർ ഇന്ത്യ എക്സ്പ്രസ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും അറിയിച്ചു. അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്ക് മുൻകൂർ അനുമതി ഇല്ലാതെ വരാമെന്നും എയർലൈൻസ് അറിയിച്ചിരുന്നു. പക്ഷെ, ഇന്ന് രാവിലെ എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യം തിരുത്തി. ദുബൈയിലേക്കുള്ള യാത്രക്കും മുൻകൂർ അനുമതി വേണ്ട എന്ന് ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. യുഎഇയിലെ ദേശീയമാധ്യമങ്ങൾ ഇത് വാർത്തയാക്കുകയും ചെയ്തു. ഉച്ചയോടെ ഈ പോസ്റ്റ് അപ്രത്യക്ഷമായി.
അതേസമയം, എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർ ജിഡിആർഎഫ്എയുടെ മുൻകൂർ അനുമതി നേടിയിരിക്കണമെന്ന് പറയുന്നുണ്ട്. മറ്റ് യുഎഇ വിമാനത്താവളങ്ങളിലേക്ക് ഇത് ആവശ്യമില്ല എന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. എന്നാൽ, ദുബൈയിലേക്ക് വരുന്നവർക്ക് മുൻകൂർ അനുമതി വേണോ, വേണ്ടയോ എന്നത് സംബന്ധിച്ച് ജിഡിആർഎഫ്എയോ, ഐസിഎയോ മറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. യുഎഇയിലെ ഏത് വിമാനത്താവളത്തിലേക്ക് ആയാലും ഐസിഎയുടെ വെബ്സൈറ്റിൽ പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി വിവരങ്ങൾ രജിസ്റ്റർ ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്.