UAE

മാപ്പ് എഴുതി നൽകി; എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ദുബൈ സർവീസുകൾ നാളെ പുനരാംഭിക്കും

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ സർവീസുകൾ നാളെ പുനരാംഭിക്കും. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിന് ദുബൈ എവിയേഷൻ അതോറിറ്റി 15 ദിവസത്തേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഈ വിലക്ക് പിൻവലിച്ചതായി എയർലൈൻസ് അറിയിച്ചു.

എയർ ഇന്ത്യ എക്സ്പ്രസ് സോഷ്യൽ മീഡിയയിലൂടെയാണ് വിലക്ക് നീങ്ങിയ വിവരം അറിയിച്ചത്. നാളെ മുതൽ സർവീസുകൾ ഷെഡ്യൂൾ പ്രകാരം നടക്കും. എന്നാൽ, ഇത് സംബന്ധിച്ച ദുബൈ എവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഇന്നലെ അർധരാത്രി മുതൽ 15 ദിവസത്തേക്കാണ് ദുബൈ എയർ ഇന്ത്യ എക്സ്പ്രസിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതോടെ പല വിമാനങ്ങളും ഷാർജയിലേക്ക് റീ ഷെഡ്യൂൾ ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കോവിഡ് പോസറ്റീവായ രോഗികളെ ദുബൈയിലെത്തിച്ചതിനായിരുന്നു വിലക്ക്. രണ്ടുതവണ എയർലൈൻസ് ഈ വീഴ്ചവരുത്തി. സെപ്റ്റംബർ രണ്ടിന് മുന്നറിയിപ്പ് നൽകിയിട്ടും സെപ്റ്റംബർ നാലിന് ജയ്പൂരിൽ നിന്ന് വീണ്ടും കോവിഡ് രോഗി പോസിറ്റീവ് സർട്ടിഫിക്കറ്റുമായി എത്തി. വീഴ്ച സമ്മതിച്ച എയർ ഇന്ത്യ എക്സ്പ്രസ് അതോറിറ്റിക്ക് മാപ്പ് എഴുതി നൽകി. ജയ്പൂരിലെയും ഡൽഹിയിലെയും ഗ്രൗണ്ട് സ്റ്റാഫുകൾക്ക് എതിരെ നടപടിയെടുത്തു. ഇതിന് ശേഷമാണ് സർവീസ് പുനരാംഭിക്കുമെന്ന അറിയിപ്പുണ്ടായത്.