വ്യക്തികള്‍ക്കെതിരെയും സിനിമകള്‍ക്കെതിരെയും ഈയടുത്ത് സംഘടിതമായി തന്നെ ഡിസ്‌ലൈക്ക് ക്യാംമ്പയ്ന്‍ പലയാവര്‍ത്തി നടന്നിട്ടുള്ളതാണ്. ഈ വിഷയത്തില്‍ യു ട്യൂബിന് നിരവധി പരാതികളാണ് ദിവസം പ്രതി ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘടിതമായ ഈ ആക്രമണങ്ങളെ ഒടുവില്‍ വരുതിക്ക് നിര്‍ത്താന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് യു ട്യൂബ്. അനാവശ്യമായ ഡിസ്‌ലൈക്കുകള്‍ ഒഴിവാക്കാന്‍ നിരവധി പുതിയ തീരുമാനങ്ങളുമായാണ് യു ട്യൂബിന്റെ വരവ്. അതിനായി യു ട്യൂബ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്നാണ് യു ട്യൂബ് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് പറയുന്നത്.
സംഘടിതമായ ഡിസ്‌ലൈക്ക് തടയുന്നതിനായി ‘ഡോണ്ട് വാണ്ട് റേറ്റിങ്’ എന്ന സൗകര്യം ഉള്‍പ്പെടുത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലൈക്കും ഡിസ്‌ലൈക്കും കാണാന്‍ കഴിയാത്ത രീതിയിലാകും. ഇതിന് പുറമെ വീഡിയോയുടെ ഒരു നിശ്ചിത പരിധി കഴിഞ്ഞാല്‍ ലൈക്ക്, ഡിസ്‌ലൈക്ക് സൗകര്യം കൊണ്ടു വരാനുള്ള ആലോചനയിലാണെന്നും കമ്പനി അറിയിച്ചു. വൈകാതെ തന്നെ ഇതിന്റെ തീരുമാനം ഉപഭോക്താക്കളെ അറിയിക്കുമെന്ന് പ്രൊജക്ട് മാനേജര്‍ ടോം ലീയുങ്ങ് അറിയിച്ചു.