ഇന്നുവരെ ജനിക്കാത്ത മനുഷ്യരുടെ മുഖം കണ്ടിട്ടുണ്ടോ? അത്തരം മനുഷ്യരുടെ മാത്രം ചിത്രങ്ങള്‍ കൊണ്ടുള്ള വെബ് സൈറ്റാണ് . ഓരോ തവണ റിഫ്രഷ് ചെയ്യുമ്പോഴും പുതിയ മുഖങ്ങള്‍ ഈ വെബ് സൈറ്റില്‍ തെളിയും. ഇതുവരെ ജനിച്ചിട്ടുപോലുമില്ലാത്ത മനുഷ്യരുടെ മുഖങ്ങള്‍.
നിര്‍മ്മിത ബുദ്ധി(A.I) ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിച്ചതെന്നാണ് വെബ് സൈറ്റ് അധികൃതര്‍ അവകാശപ്പെടുന്നത്. ഊബറിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഫിലിപ് വാങാണ് സൈറ്റിന് പിന്നില്‍. വ്യാജ പോട്രെയിറ്റുകള്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിപ് നിര്‍മ്മാതാക്കളായ Nvidia കമ്പനി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച അല്‍ഗോരിതമാണ് ഫിലിപ് വാങ് ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ഥ ചിത്രങ്ങളുടെ വലിയ ശേഖരത്തില്‍ നിന്നും ആളുകളുടെ മുഖത്തിന്റെ ഭാഗങ്ങള്‍ എടുത്താണ് ഇത് ചിത്രങ്ങള്‍ സൃഷ്ടിക്കുന്നത്.
‘ഓരോതവണ സൈറ്റ് റിഫ്രഷ് ചെയ്യുമ്പോഴും പുതിയ ഒരു മുഖം നിങ്ങള്‍ക്ക് മുന്നിലെത്തും. ചിത്രങ്ങളെ വിലയിരുത്തുന്നതിനും മാറ്റിമറിക്കുന്നതിനും നിര്‍മ്മിത ബുദ്ധിക്കുള്ള ശേഷിയെക്കുറിച്ച് ഭൂരിഭാഗം പേര്‍ക്കും അറിയുകപോലുമില്ല” എന്നാണ് ഫിലിപ് വാങ് Motherboardനോട് പറഞ്ഞത്.
ഇയാന്‍ ഗുഡ്‌ഫെല്ലോ എന്നയാളാണ് Nvidiaയുടെ StyleGAN എന്ന അല്‍ഗോരിതത്തിന് അടിസ്ഥാനമായ ഗവേഷണം നടത്തിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിലാണ് Nvidia അല്‍ഗോരിതം നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഇത് ആര്‍ക്കും പുനരുയോഗിക്കാന്‍ സാധിക്കും. മനുഷ്യരുടെ മുഖങ്ങള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തിലാണഅ ഈ അല്‍ഗോരിതം നിര്‍മ്മിച്ചതെങ്കിലും അനിമേറ്റു ചെയ്ത അക്ഷരങ്ങള്‍, ഫോണ്ടുകള്‍, ഗ്രാഫിറ്റി തുടങ്ങിയവയുടെ നിര്‍മ്മാണത്തിലും ഇപ്പോള്‍ തന്നെ ഈ അല്‍ഗോരിതം പരീക്ഷിക്കുന്നുണ്ട്.
ഈ സാങ്കേതികവിദ്യയുടെ സഹായത്തില്‍ പരസ്യങ്ങള്‍ക്കും മറ്റും മോഡലുകള്‍ക്ക് പകരം ‘ഇല്ലാ’ മനുഷ്യരെ തന്നെ ഉപയോഗിക്കാനാകും. ഇത്തരം വ്യാജ മനുഷ്യരെ ഉപയോഗിച്ച് ഭാവിയില്‍ സിനിമ പോലും എ.ഐ നിര്‍മ്മിക്കുമെന്ന് കരുതുന്നവരും ഏറെ. ഇത്തരത്തില്‍ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് സൈബര്‍ ലോകത്തെ നിയമങ്ങളും വിവിധ രാജ്യങ്ങള്‍ കര്‍ശനമാക്കേണ്ടതുണ്ടെന്ന വാദവും ഉയരുന്നുണ്ട്.