ജാപ്പനീസ് കമ്പനിയായ സോണിയുടെ സ്മാര്‍ട്ട് ഫോണ്‍ മേഖലയിലെ തിരിച്ചടി തുടരുന്നു. അടുത്ത വര്‍ഷത്തിനുള്ളില്‍ സോണിയുടെ മൊബൈല്‍ വിഭാഗത്തിലെ 2000 തൊഴിലുകള്‍ വെട്ടിക്കുറക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ തൊഴിലാളികള്‍ മറ്റ് വിഭാഗങ്ങളിലേക്ക് മാറേണ്ടി വരികയോ ജോലി നഷ്ടപ്പെടുകയോ ആയിരിക്കും സംഭവിക്കുക. ഇതുവഴി 2000ത്തിലേറെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും.
സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണരംഗത്ത് ചൈനീസ് കമ്പനികള്‍ക്ക് പുറമേ സാംസങില്‍ നിന്നും ആപ്പിളില്‍ നിന്നുമുള്ള കനത്ത മത്സരമാണ് സോണിക്ക് വലിയ തിരിച്ചടി നല്‍കുന്നത്. സോണിയുടെ എക്‌സ്പീരിയ ഫോണുകള്‍ക്ക് ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരു ശതമാനം മാത്രമാണ് പ്രാതിനിധ്യമുള്ളത്.
സ്മാര്‍ട്ട് ഫോണ്‍ മേഖലയിലെ തിരിച്ചടികളെ തുടര്‍ന്ന് സോണിയുടെ മൊബൈല്‍ വിഭാഗത്തില്‍ നടപടികളുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബീജിംങിലെ ഫാക്ടറി കമ്പനി അടച്ചുപൂട്ടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. മൊബൈല്‍ നിര്‍മ്മാണകേന്ദ്രം തായ്‌ലണ്ടിലേക്ക് മാറ്റുകയാണ് കമ്പനി ചെയ്തത്. പല സ്മാര്‍ട്ട്‌ഫോണ്‍ ഭാഗങ്ങളും കമ്പനി ഇപ്പോള്‍ തന്നെ ഔട്ട്‌സോഴ്‌സ് ചെയ്യുകയാണ്. അത് വര്‍ധിക്കാനും സാധ്യതയുണ്ട്.
സോണി സ്മാര്‍ട്ട്‌ഫോണ്‍ മേഖലയില്‍ നിന്നും പിന്മാറുമെന്നും കൂടുതല്‍ വിജയിച്ച കാമറ, ഗെയിമിംങ് വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴും എക്‌സ്പീരിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപുലമായ രീതിയില്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് ഗോണ്‍ഗ്രസില്‍ സോണി എക്‌സ്പീരിയ 10, എക്‌സ്പീരിയ 10 പ്ലസ് മോഡലുകള്‍ സോണി പുറത്തിറക്കിയിരുന്നു. വൈകാതെ 5ജി സ്മാര്‍ട്ട്‌ഫോണുകളും സോണി പുറത്തിറക്കുന്നുണ്ട്.