വോഡഫോൺ – ഐഡിയ ലിമിറ്റഡിനെ സംബന്ധിച്ച് ഇത് നഷ്ടത്തിന്‍റെ കാലമാണ്. ഇരു കമ്പനികളും ലയിച്ചതിന് ശേഷമുള്ള രണ്ടാം പാദത്തിൽ കമ്പനി വൻ നഷ്ടം നേരിട്ടിരിക്കുകയാണ്. 5000 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. 11765 കോടി രൂപയാണ് ഈ പാദത്തിലെ കമ്പനിയുടെ വരുമാനം.
റിലയൻസ് ജിയോയുടെ വരവോടെ പ്രതിസന്ധിയിലായ ഇരു കമ്പനികളും കഴിഞ്ഞ ആഗസ്തിലാണ് ഒന്നിച്ചത്. ലയനത്തിന് ശേഷമുള്ള ആദ്യ പാദ റിപ്പോർട്ടിലും ഇരു കമ്പനികൾക്കും നഷ്ടമായിരുന്നു. രണ്ട് ശതമാനത്തിന്റെ ഇടിവാണ് ഇത്തവണയുണ്ടായത്.
കഴിഞ്ഞ പാദത്തിൽ 3.5 കോടി വരിക്കാരെയാണ് കമ്പനിക്ക് നഷ്ടമായത്. ഓരോ മാസവും 35 രൂപയ്ക്കെങ്കിലും റീചാർജ് ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടതോടെയാണ് വരിക്കാരുടെ കൊഴിഞ്ഞുപോക്ക് രൂക്ഷമായത്. പലരും ഇതോടെ നമ്പര്‍ പോര്‍ട്ട് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തു.
കടുത്ത മത്സരം നേരിടാന്‍ 25,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ഇറക്കുന്നത്. ലയനം കൊണ്ട് എന്താണോ ലക്ഷ്യം വെച്ചത് അതിലേക്ക് ഉടൻ എത്തുമെന്നാണ് കമ്പനി മേധാവികളുടെ അവകാശവാദം. അടുത്ത പാദത്തിൽ മാറ്റം വരുമെന്ന് വോഡഫോൺ – ഐഡിയ സി.ഇ.ഒ ബലേഷ് ശർമ പറഞ്ഞു.