Technology

ടിക് ടോകിന് ബദലായി മലയാളികളുടെ ‘ക്യൂ ടോക്ക്’

ക്യൂ ടോക്ക് എന്ന് ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് ഒരുപക്ഷേ മലയാളികളായിരിക്കും. ഈ ചൈനീസ് ആപ്പിനെ തങ്ങളിലെ കലാകാരന്‍മാരെ വളര്‍ത്തിയെടുക്കാനുള്ള പ്ലാറ്റ്ഫോമായും നേരമ്പോക്കായുമെല്ലാം മലയാളി കൂടെക്കൊണ്ടു നടന്നിരുന്നു. ടിക് ടോകിന്‍റെ നിരോധനത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനം സ്റ്റുഡിയോ90 ഇനവേഷന്‍ പ്രൈ ലിമിറ്റഡ്. ടിക് ടോകിന് ബദലായി ക്യൂ ടോക്ക് എന്ന ആപ്പാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്.

ക്യൂ ടോക്ക് എന്ന് ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ടിക്ടോക്കിനെക്കാള്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുമെന്നാണ് ഇവരുടെ അവകാശവാദം. പ്ലേ സ്റ്റോറില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരത്തിലധികം ഡൌണ്‍ലോഡുകള്‍ നടന്നുവെന്നാണ് കമ്പനി പറയുന്നത്.ടിക്ടോക്കില്‍ അവസരം നഷ്ടപ്പെടുത്തുന്ന ഉപയോക്താക്കളെ ആകര്‍ഷിച്ച് അടുത്തഘട്ടത്തില്‍ രൂപവും ഭാവവും മാറുന്ന തരത്തിലേക്കാണ് ആപ്പിന്‍റെ ആശയം രൂപീകരിച്ചതെന്ന് സ്റ്റുഡിയോ90 ഇനവേഷന്‍ ചെയര്‍മാന്‍ കെകെ രവീന്ദ്രന്‍ പറയുന്നു.

ഇപ്പോള്‍ 30 സെക്കന്‍റ് മുതല്‍ 5 മിനുട്ടുവരെയുള്ള വീഡിയോ അപ്ലോഡ് ചെയ്യാന്‍ സാധിക്കും വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.