Technology

ഷവോമി പേടി; വിലകുറച്ച് ഒപ്പോയും അസ്യൂസും, കുറവ് ആറായിരം രൂപ വരെ

ഷവോമി ഏത് സ്മാര്‍ട്ട്‌ഫോണുമായി രംഗത്ത് എത്തിയാലും പേടി മറ്റു കമ്പനികള്‍ക്കാണ്. അവരിറക്കുന്നതിലും മികച്ച പ്രത്യേകതകളോടെ രംഗത്ത് എത്തുന്ന ഷവോമി, വില കുറച്ച് വിപണിയിലെത്തിക്കുകയും ചെയ്യും. അതിനാല്‍ റെഡ്മി ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറയാണ്. ഇപ്പോള്‍ ഷവോമിയുടെ റെഡ്മി നോട്ട് 7, നോട്ട് 7 പ്രോ എന്നീ മോഡലുകളാണ് സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് തരംഗമാവുന്നത്.

48 മെഗാപിക്‌സലിന്റെ ക്യാമറയായിരുന്നു ഈ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാല്‍ തന്നെ ഈ ഫോണിന്റെ വരവിന് കാത്തിരിപ്പായിരുന്നു. കഴിഞ്ഞ ആഴ്ച ഫോണ്‍ അവതരിപ്പിച്ചു. 4ജിബി റാം(64 സ്റ്റോറേജ്) വാരിയന്റിന് 13,999 രൂപയാണ് വില. വിപണി പിടിക്കാന്‍ പാകത്തിലുള്ള ഫീച്ചറുകളുണ്ട് താനും.

ഷവോമി, തങ്ങളുടെ മോഡലുകള്‍ക്ക് ‘പണി’നല്‍കുമോ എന്ന പേടിയിലാണ് മറ്റു കമ്പനികള്‍. ഷവോമിയെ പേടിച്ച് മോഡലുകള്‍ക്ക് വിലകുറച്ചിരിക്കുകയാണ് അസ്യൂസ്, ഒപ്പോ എന്നീ കമ്പനികള്‍. ആറായിരം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. അസ്യൂസിന്റെ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1, സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2, സെന്‍ഫോണ്‍ മാക്‌സ് എം2, സെന്‍ഫോണ്‍ 5z എന്നീ മോഡലുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്.

സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1ന്റെ പുതിയ വില 8,499 രൂപയാണ്. നേരത്തെ ഇത് 9,999 രൂപയായിരുന്നു. പ്രോ എം2വിന് 3000വും കുറച്ചു. വില കൂടിയ മോഡലായ സെന്‍ ഫോണ്‍ 5z ന് 24,999 രൂപയാണ് വില. നേരത്തെ ഇതിന് 29,999 രൂപയായിരുന്നു. കുറഞ്ഞത് 5000 രൂപ!

ഒപ്പോ തങ്ങളുടെ ആര്‍17 പ്രോ എന്ന മോഡലിനാണ് ആറായിരത്തോളം രൂപ കുറച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഒപ്പോ ആര്‍17 പ്രോ ഇന്ത്യയില്‍ അവതരിച്ചത്. 45,990 രൂപയായിരുന്നു തുടക്കത്തിലെ വില. ഇപ്പോള്‍ 39,990 രൂപക്ക് സ്വന്തമാക്കാം. പക്ഷേ വില കുറച്ച് വിപണി പിടിക്കാനാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പുതിയ മോഡലുകള്‍ അവതരിപ്പിക്കുമ്പോള്‍ പഴയ മോഡലുകള്‍ക്ക് ആവശ്യക്കാരുണ്ടാവുമോ എന്നതിലാണ് കാര്യം.