Technology

ഇ-സിം, 5 മെഗാപിക്‌സല്‍ ക്യാമറ; സ്മാര്‍ട്ട്ഫോണ്‍ അല്ല, ഇത് സ്മാര്‍ട്ട്‌വാച്ച്

ഫോള്‍ഡബിള്‍(മടക്കാവുന്ന) സ്മാര്‍ട്ട്‌ഫോണുകളുടെ കാലമാണിപ്പോള്‍. സാംസങും വാവെയ് യും ഇതിനകം തന്നെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഇപ്പോഴിതാ സ്മാര്‍ട്ട് വാച്ചുകളിലേക്കും അത്തരം ടെക്‌നോളജി കൊണ്ടുവരുന്നു. വളഞ്ഞ സ്‌ക്രീനുള്ള സ്മാര്‍ട്ട് വാച്ചുമായി രംഗത്ത് എത്തിയിരിക്കുന്നത് സീടിഇയുടെ നൂബിയ. ഓലെഡ് ഫ്ളക്സിബിള്‍ ഡിസ്‌പ്ലെ ആണ് ആല്‍ഫ എന്ന പേരിട്ട ഈ സ്മാര്‍ട്ട് വാച്ചിന്റെ ഏറ്റവും വലിയ പ്രത്യേകത.

ക്യാമറക്ക് പുറമെ ഇ-സിം സംവിധാനം വരെയുണ്ട്. ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ എന്തെല്ലാം പ്രത്യേകതകളുണ്ടോ അതെല്ലാം ഈ സ്മാര്‍ട്ട് വാച്ചിലും സാധ്യമാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 1ജിബി റാം, 8ജിബി ഇന്റേണല്‍ സ്റ്റോറേജ്, സ്‌നാപ്ഡ്രഗണിന്റെ വിയര്‍ 2100 പ്രൊസസര്‍, 500 എം.എ.എച്ച് ബാറ്റി എന്നിവയാണ് മറ്റു പ്രത്യേകതകള്‍. കൂടാതെ സാധാരണ സ്മാര്‍ട്ട് വാച്ചുകളില്‍ കാണപ്പെടുന്ന ഫിറ്റ്നസ് അളക്കാനുള്ള സൗകര്യവുമുണ്ട്. സ്‌ക്രീന്‍ തൊടതെ മുകളില്‍ വിരലുകളുടെ ചലനങ്ങള്‍ക്കനുസരിച്ചുള്ള നാവിഗേഷന്‍ സംവിധാനവുമുണ്ട്.

4 ഇഞ്ച് ഓലെഡ് ഡിസ്‌പ്ലെയാണ് ആകര്‍ഷണം. അതായത് സാധരാണ വാച്ചുകളെക്കാള്‍ അധികമാണ് സ്‌ക്രീന്‍ വലുപ്പം. ബ്രേസ്‌ലെറ്റ് പോലെയാണ് ഘടന. അഞ്ച് മെഗാപിക്‌സലിന്റെ ക്യാമറയാണ് മറ്റൊരു ശ്രദ്ധേയ ഘടകം. 82 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സും ഉപയോഗിച്ചിരിക്കുന്നു. രണ്ട് വാരിയന്റുകളുണ്ട് വാച്ചിന്. നേരത്തെ പറഞ്ഞ ഇ-സിം വാരിയന്റിന് പുറമെ ബ്ലൂടൂത്തിലൂടെ ഫോണുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന വാരിയന്റാണ് മറ്റൊന്ന്.

ഏകദേശം 36,200 രൂപയാണ് ബ്ലൂ ടൂത്ത് വാരിയന്റിന് വില. അതേസമയം ഇ-സിം വാരിയന്റിന് 44,300 രൂപയും. ഗോള്‍ഡ് കളറിലാണെങ്കില്‍ വില ഇനിയും കൂടും. ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് കമ്പനി വാച്ച് അവതരിപ്പിച്ചത്. മാര്‍ച്ചില്‍ വിപണിയിലെത്തിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത്രയും വില കൊടുത്ത് ഇന്ത്യയില്‍ ഈ സ്മാര്‍ട്ട് വാച്ച് വാങ്ങാനാളുണ്ടാവുമോ?