Technology

കേട്ടത് സത്യം തന്നെ; അഞ്ച് ക്യാമറയുമായി നോക്കിയ, പക്ഷേ വില…….

നോക്കിയ ഈ വര്‍ഷം പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലിന്റെ വിവരങ്ങള്‍ പുറത്ത്. നോക്കിയ 9 പ്യുര്‍വ്യൂ എന്ന മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ പെന്റാ ക്യാമറ സെറ്റ് അപ് ആണ്.അതായത് അഞ്ച് ക്യാമറകളാണ് ഈ മോഡലിലുള്ളത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ മോഡല്‍ അവതരിപ്പിച്ചത്. മൂന്ന് മോണോക്രോമും(12 മെഗാപിക്സല്‍) രണ്ട് ആര്‍.ജി.ബി ലെന്‍സുകളുമാണ്(12 മെഗാപിക്സല്‍) ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്.

എല്ലാ ക്യാമറയുടെയും അപേര്‍ച്ചര്‍ f/1.82 ആണ്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ക്യാമറ ഓണാക്കുമ്പോള്‍ അഞ്ച് ക്യാമറയും വര്‍ക്ക് ചെയ്ത് ഒരൊറ്റ ചിത്രമാവും ലഭിക്കുക. 5.99 ഇഞ്ചാണ് സ്‌ക്രീന്‍ സൈസ്(2കെ സ്‌ക്രീന്‍), ക്വാല്‍കോമിന്റെ സ്‌നാപ് ഡ്രാഗണ്‍ 845 ആണ് പ്രൊസസര്‍, 6ജിബി റാം+ 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ആണ് അടിസ്ഥാന വാരിയന്റ്. ആന്‍ഡ്രോയിഡ് 9 പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പ്രത്യേകതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും 699 ഡോളറാണ് വില. ഇന്ത്യയിലെത്തുമ്പോള്‍ ഏകദേശം 49,700 രൂപ അതായത് അരലക്ഷം രൂപയ്ക്കടുത്ത് കൊടുക്കണം.

പക്ഷേ ഇന്ത്യയില്‍ എന്ന് മുതല്‍ മോഡല്‍ എത്തുമെന്ന് പറയുന്നില്ല. മാര്‍ച്ച് മുതല്‍ വില്‍പന ആരംഭിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. മിഡ് നൈറ്റ് ബ്ലൂ കളറിലാവും ലഭ്യമാവുക. വിവിധ തരം ലെന്‍സുകള്‍ വികസിപ്പിക്കുന്ന അമേരിക്കയിലെ ലൈറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് നോക്കിയ പ്യൂര്‍ 9ന്റെ ക്യാമറ നിര്‍മ്മാണം. പ്രൊസസറിന്റെ കാര്യത്തിലും അങ്ങനെ തന്നെ.

ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, 3,320 എം.എ.എച്ച് ബാറ്റി ബാക് അപ്, വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോട്ട്, ഐപി67 അംഗീകരമുളള വെള്ളം, പൊടി എന്നിവയില്‍ നിന്നുള്ള സംരക്ഷണം, യുഎസ്ബി ടൈപ് സി എന്നിവയാണ് പ്രത്യേകതകള്‍.