ഡിജിറ്റല്‍ ക്യാമറകളെ വെല്ലുന്ന ക്യാമറകളാണ് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളിലുള്ളത്. ആദ്യ ക്യാമറയുള്ള സ്മാര്‍ട്ട്‌ഫോണ്‍ 2000ത്തിലാണ് ഇറങ്ങിയതെങ്കില്‍ ഇപ്പോള്‍ ക്യാമറയുടെ എണ്ണത്തിലും ഗുണനിലവാരത്തിലുമാണ് കമ്പനികള്‍ തമ്മില്‍ മത്സരം. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയയുടെ പുത്തന്‍ മോഡലിന് അഞ്ച് ക്യാമറകളാണ് പിന്നില്‍ മാത്രമുള്ളത്.
നോകിയ 9 പ്യുവര്‍ വ്യൂവിന്റെ അഞ്ച് ക്യാമറകളുടെ പ്രത്യേകതകള്‍ വിശദമാക്കുന്ന വീഡിയോകള്‍ നോകിയ തന്നെ പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍. ലോകത്തെ ആദ്യ പെന്റ ക്യാമറ സ്മാര്‍ട്ട്‌ഫോണെന്നാണ് നോകിയ 9 പ്യുവര്‍ വ്യൂവിന്റെ നിര്‍മ്മാതാക്കളുടെ അവകാശവാദം. 15 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചെറു ക്ലിപ്പുകളാണ് നോകിയ പുറത്തുവിട്ടിട്ടുള്ളത്.
പ്രകാശം കുറഞ്ഞ അവസരങ്ങളിലും മാന്യുവല്‍ മോഡിലുള്ള നിയന്ത്രണത്തിലുമുള്ള പ്രത്യേകതകള്‍ വിവരിക്കുന്നതാണ് ഈ വീഡിയോ ക്ലിപ്.
ഓരോ തവണ ക്ലിക്ക് ചെയ്യുമ്പോഴും അഞ്ച് വ്യത്യസ്ഥ കാഴ്ചകളാണ് ഫോണിന്റെ ക്യാമറകളില്‍ പതിയുന്നതെന്ന് ഈ ഡെപ്ത് കണ്‍ട്രോള്‍ വീഡിയോ വിശദീകരിക്കുന്നു. ഓരോ തവണ ക്ലിക്ക് ചെയ്യുമ്പോഴും രണ്ട് കളറും മൂന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ക്യാമറകളും ചിത്രമെടുക്കും. ഒരേ ചിത്രം തന്നെ വ്യത്യസ്തരീതിയില്‍ അവതരിപ്പിക്കാന്‍ ഇത് സഹായിക്കും.