2019ല്‍ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി സാംസങ് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ മറ്റു കമ്പനികളും സമാന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെലിവിഷനിലും അത്തരമൊരു പരീക്ഷണം സാധ്യമായിരിക്കുന്നു. പ്രമുഖ ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ എല്‍ജിയാണ് മടക്കി, ചുരുട്ടി വെക്കാവുന്ന ടി.വിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
2019ലെ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ടിവി പ്രദര്‍ശിപ്പിച്ചത്. പക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ പോലെ മടക്കി കൊണ്ടുനടക്കാനാവില്ലെന്ന് മാത്രം.ടിവി സ്റ്റാന്‍ഡ് പോലുള്ള ഒരു പ്രത്യേക ബോക്‌സിനകത്തേക്ക് ചുരുണ്ടുപോകുന്നതാണ് സാങ്കേതിക വിദ്യ. ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ ബോക്‌സില്‍ നിന്ന് ടി.വി നിവര്‍ന്ന് വരികയും ചെയ്യും. അധികം വലുപ്പമില്ലാത്ത ഒരു ദീര്‍ഘചതുരാകൃതിയിലുള്ള പെട്ടിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. 65 ഇഞ്ചാണ് ടിവിയുടെ സ്ക്രീന്‍ വലുപ്പം.
നേര്‍ത്ത ഓലെഡ് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ എച്ച്.ഡി മികവോടെയുള്ള ദൃശ്യങ്ങള്‍ കാണാം. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുന്ന ടി.വിക്ക് വന്‍ വില കൊടുക്കേണ്ടി വരും. ഏകദേശം 50,000 മുതല്‍ ഒരു ലക്ഷം വരെയാവും വില എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു ടിവികളില്‍ നിന്ന് അപേക്ഷിച്ച് ഒത്തിരി പ്രത്യേകതകളും ഈ മടക്കി, ചുരുട്ടി വെക്കാവുന്ന ടി.വിക്കുണ്ടാവും. പുതിയൊരു അനുഭവമായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക എന്ന് കമ്പനി അവകാശപ്പെടുന്നു.