ഡാറ്റാ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചർ സഹിതം പെൻഡ്രൈവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ലെക്സർ. ജമ്പ്ഡ്രൈവ് എഫ് 35 എന്നാണ് ഈ പെൻഡ്രൈവിന്റെ പേര്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്.
ജോലി സംബന്ധമായും സ്വകാര്യ ആവശ്യങ്ങൾക്കായും ഫോട്ടോ, വീഡിയോ ഉൾപ്പെടെയുള്ള ഡാറ്റകൾ നമുക്ക് കൈകാര്യം ചെയ്യേണ്ടിവരാറുണ്ട്. സൗകര്യാർഥം കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിന് പലപ്പോഴും പെൻഡ്രൈവുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. എന്നാൽ ഇവയിലെ ഡാറ്റയുടെ സുരക്ഷ ഒരു വെല്ലുവിളിയായിരുന്നു.കാരണം പെൻഡ്രൈവ് കൈയിൽ കിട്ടുന്ന ആർക്കും അതിലെ ഡാറ്റയിലേക്ക് ആക്സസ് നേടാൻ വളരെ എളുപ്പം സാധിക്കുമെന്നായിരുന്നു.
ഫിംഗർപ്രിന്റ് സുരക്ഷാ സംവിധാനത്തോടുകൂടി എത്തുന്ന ലെക്സറിന്റെ ജമ്പ്ഡ്രൈവ് എഫ് 35 വിരലടയാളം ഉപയോഗിച്ച് സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നതിനാൻ മറ്റാർക്കും എളുപ്പത്തിൽ ഇതിൽ ആക്സസ് ചെയ്യാൻ കഴിയില്ല എന്നതാണ് പ്രത്യേകത. ഇതിൽ ശേഖരിക്കുന്ന ഡാറ്റ സുരക്ഷിതമാക്കാൻ 256 AES എൻക്രിപ്ഷൻ സ്റ്റാൻഡേർഡിനെയാണ് ആശ്രയിക്കുന്നത്. 10 വിരലടയാളങ്ങൾക്ക് വരെ ആക്സസ് ചെയ്യാൻ കഴിയും .
ഒറ്റ സെക്കൻഡിൽ തന്നെ പെൻഡ്രൈവ് ഡാറ്റ ആക്സസ് ചെയ്യാൻ ഇതിലെ അൾട്രാ ഫാസ്റ്റ് റെക്കഗ്നിഷൻ സഹായിക്കുന്നു. F35ന് സോഫ്റ്റ്വെയർ ഡ്രൈവറുകൾ ആവശ്യമില്ല. ഡ്രൈവ് പ്ലഗ് ഇൻ ചെയ്ത് പാസ്വേഡ് രൂപീകരിക്കാനും വിരലടയാളം ഉപയോഗിച്ച് സുരക്ഷിതമാക്കാനും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിക്കാം. 256-ബിറ്റ് എഇഎസ് എൻക്രിപ്ഷൻ, മൂന്ന് വർഷത്തെ പരിമിത വാറന്റി.
32GB, 64GB എന്നീ സ്റ്റോറേജ് വേരിയന്റുകളിലും 150MB/s അല്ലെങ്കിൽ 300MB/s വരെ റീഡ് സ്പീഡ് വേരിയന്റുകളിലും ഈ പെൻഡ്രൈവ് ലഭ്യമാണ്. 4,500 രൂപ മുതൽ 6,000 രൂപ വരെയാണ് ഫിംഗർ പ്രിന്റ് സുരക്ഷയോടുകൂടി എത്തുന്ന ലെക്സർ ജമ്പ്ഡ്രൈവ് എഫ്35 ഡ്രൈവിന്റെ വില.