റിലയന്‍സ് ജിയോയുടെ പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ ഫൈബര്‍ എത്തി. വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്ന പോര്‍ട്ടബിള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനം ആണിത്. ജിയോ എയര്‍ ഫൈബര്‍, ജിയോ എയര്‍ ഫൈബര്‍ മാക്‌സ് എന്നിങ്ങനെ രണ്ടു പ്ലാനുകളിലാണ് സേവനം ലഭ്യമാവുക.
ആദ്യഘട്ടത്തില്‍ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, പൂനെ എന്നിവയുള്‍പ്പെടെ എട്ട് നഗരങ്ങളില്‍ സേവനം ഉണ്ടാകും. ജയോ എയര്‍ ഫൈബര്‍ മാക്‌സ് പ്ലാനില്‍ 300, 500, 1000 എംബിപിഎസ് സ്പീഡുകളില്‍ 1499, 2499, 3999 രൂപ നിരക്കുകളില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. 30 എംബിപിഎസ് സ്പീഡില്‍ അണ്‍ലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. 100 എംബിപിഎസ് സ്പീഡില്‍ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകള്‍ ലഭ്യമാണ്.
1199 രൂപയുടെ പ്ലാനില്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം , ജിയോ സിനിമ പ്രീമിയം ഉള്‍പ്പെടെ 17 ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ ലഭിക്കും. രണ്ടു പ്ലാനുകളിലും 550ലധികം ഡിജിറ്റല്‍ ചാനലുകള്‍ ലഭ്യമാകും. പാരന്റല്‍ കണ്‍ട്രോള്‍, വൈഫൈ-6 പിന്തുണ, ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി ഫയര്‍വാള്‍ ഉള്‍പ്പടെയാണ് പുതിയ സേവനം എത്തിയത്. ഇത് വളരെ എളുപ്പം ഉപയോഗിച്ച് തുടങ്ങാനാവുമെന്ന് ജിയോ പറയുന്നു. ജിയോ എയര്‍ഫൈബര്‍ ഉപകരണം ഒരു പ്ലഗ്ഗില്‍ കണക്ട് ചെയ്ത് ഓണ്‍ ചെയ്താല്‍ മാത്രം മതി. അപ്പോള്‍ കിട്ടുന്ന വൈഫൈ ഹോട്ട്‌സപോട്ട് ലഭ്യമാവും. ഇത് കണക്ട് ചെയ്ത് ജിയോ നെറ്റ്‌വര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. 6000 രൂപയാണ് ഇതിന് വില. ഇത് ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തേക്കാള്‍ കൂടുതലാണ്.