Technology

ജിമെയിലും, യൂട്യൂബും ഉപയോഗിക്കരുത്! വാവേ സ്മാര്‍ട്‌ഫോണ്‍ ഉടമകള്‍ക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയുടെ ഉപയോക്താക്കള്‍ ജിമെയില്‍, യൂട്യൂബ് പോലുള്ള ഗൂഗിളിന്റെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള ആപ്ലിക്കേഷനുകള്‍ പുറത്ത് നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കരുതെന്ന് ഗൂഗിളിന്റെ നിര്‍ദേശം. 2019 മേയ് 16 മുതല്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്ബനികള്‍ വാവേയുമായി സഹകരിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം നിലനില്‍ക്കെയാണ് ഈ നിര്‍ദേശം.

ഗൂഗിള്‍ പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഗൂഗിള്‍ ആപ്ലിക്കേഷനുകളിലും സേവനങ്ങളിലും ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താനാവില്ലെന്നും ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് അംഗീകാരമുള്ള ഉപകരണങ്ങളില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ എന്നും ഗൂഗിള്‍ ചൂണ്ടിക്കാണിക്കുന്നു.

2019 മേയ് 16 ന് മുമ്ബ് ഉപയോഗത്തിലിരുന്ന വാവേ ഫോണുകളില്‍ മാത്രമേ അമേരിക്കന്‍ കമ്ബനികള്‍ക്ക് സേവനങ്ങള്‍ എത്തിക്കാന്‍ അനുവാദമുള്ളൂ.

ഗൂഗിള്‍ പ്ലേയ്ക്ക് പുറത്തുള്ള ഓണ്‍ലൈന്‍ ആപ്പ് വിതരണക്കാരില്‍ നിന്നും ഗൂഗിള്‍ ആപ്ലിക്കേഷന്‍ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഫോണുകളുടെ സുരക്ഷയെ സാരമായി ബാധിക്കുമെന്ന് ഗൂഗിള്‍ പറയുന്നു. അത്തരം ആപ്ലിക്കേഷനുകളില്‍ കൃത്രിമത്വം വരുത്തിയിട്ടുണ്ടാവാനിടയുണ്ടെന്നും ഗൂഗിള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഗൂഗിള്‍ മൊബൈല്‍ സര്‍വീസ് (ജിഎംഎസ്) സേവനങ്ങള്‍ക്ക് പകരമായി സ്വന്തം സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ് വാവേ. ഭാവി ഫോണുകളിലേക്ക് ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ വേണ്ടെന്നാണ് കമ്ബനിയുടെ നിലപാട്. ഇപ്പോഴുള്ള നിരോധനം നീക്കം ചെയ്യപ്പെട്ടാലും ഇനിയും അത്തരത്തില്‍ നിരോധനത്തിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഗൂഗിളിലേക്ക് തിരികെ പോവില്ല.

ഗൂഗിള്‍ പ്ലേ സര്‍വീസസിന് പകരം വാവേ മൊബൈല്‍ സര്‍വീസ് നിര്‍മിക്കുകയാണ് കമ്ബനി. ഹാര്‍മണി ഓഎസ് എന്ന പേരില്‍ സ്വന്തം ഓഎസും കമ്ബനി അവതരിപ്പിച്ചുകഴിഞ്ഞു.

അമേരിക്ക വാവേയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം അനുസരിച്ച്‌ ഗൂഗിളിന് ആന്‍ഡ്രോയ്ഡ് ലൈസന്‍സ് വാവേയ്ക്ക് വില്‍ക്കാന്‍ സാധിക്കില്ല. എന്നാല്‍ ഫോണുകളില്‍ ആന്‍ഡ്രോയിഡിന്റെ ഓപ്പണ്‍ സോഴ്‌സ് കോഡുകള്‍ ഉപയോഗിക്കാനാവും. പക്ഷെ. ഏറ്റവും പ്രധാനപ്പെട്ട പ്ലേ സ്റ്റോറും, ഗൂഗിള്‍ ആപ്ലിക്കേഷനുകളും ഫോണുകളില്‍ ലഭിക്കില്ല.

വാവേ മാര്‍ച്ചില്‍ പുറത്തിറക്കാനൊരുങ്ങുന്ന വാവേ പി40 സ്മാര്‍ട്‌ഫോണ്‍ പരമ്ബരയില്‍ വാവേ മൊബൈല്‍ സര്‍വീസസ് ആയിരിക്കും ഉണ്ടാവുക എന്നാണ് വിവരം.