ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വാവെയുടെ ആദ്യത്തെ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വാവെയ് മേറ്റ് എക്സ് വരുന്ന സെപ്തംബറില്‍ പുറത്തിറക്കും. ഗൂഗിളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും ഈ സ്മാര്‍ട്ട്‌ഫോണിലും ആന്‍ഡ്രോയിഡ് ഓപറേറ്റിംങ് സിസ്റ്റമായിരിക്കും ഉപയോഗിക്കുകയെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക മൊബൈല്‍ കോണ്‍ഫറന്‍സില്‍ ഈ ഫോണ്‍ വാവെയ് പുറത്തിറക്കിയിരുന്നു.
നേരത്തെ ജൂണില്‍ മടക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുമെന്നാണ് വാവെയ് അവകാശപ്പെട്ടിരുന്നതെങ്കിലും വൈകുകയായിരുന്നു. സാംസങ്ങിന്റെ സമാനമായ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി വാവെയ് തീരുമാനിച്ചതോടെയാണ് ലോഞ്ചിംഗ് വൈകിയതെന്നാണ് കരുതുന്നത്.
5ജി നിലവിലുള്ള പരമാവധി രാജ്യങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമെന്നാണ് വാവെയ് വെസ്റ്റേണ്‍ യൂറോപ് റീജിയണ്‍ പ്രസിഡന്റ് വിന്‍സെന്റ് പാങ് പറഞ്ഞത്. മടക്കാതിരിക്കുന്ന അവസ്ഥയില്‍ 8 ഇഞ്ച് സ്‌ക്രീനായിരിക്കും സ്മാര്‍ട്ട്‌ഫോണിനുണ്ടാവുക. മടക്കി കഴിഞ്ഞാല്‍ രണ്ട് ഭാഗത്തും സ്‌ക്രീനുള്ള നിലയിലായിരിക്കും. ഫ്രണ്ട് സ്‌ക്രീനിന് അപ്പോള്‍ 6.6 ഇഞ്ചും പിന്നിലെ സ്‌ക്രീനിന് 4.6 ഇഞ്ചുമായിരിക്കും വലിപ്പം.
ക്യാമറ ബാക്‌സ്‌ക്രീനിലായാണ് സെറ്റ് ചെയ്തിരിക്കുന്നത്. വാവെയുടെ സ്വന്തം 1.8 ജിഗാഹെട്‌സ് ഒക്ട കോര്‍ ഹൈസിലിക്കണ്‍ കിരിന്‍ 980 പ്രൊസസറാണ് ഫോണില്‍. 4500 എം.എ.എച്ചിന്റെ ബാറ്ററി അതിവേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആന്‍ഡ്രോയിഡ് 9 പൈ വെര്‍ഷനായിരിക്കും മാറ്റ് എക്‌സിലുണ്ടാവുക.