Technology

കോവിഡ് മുന്നറിയിപ്പുകളുമായി ഗൂഗിള്‍ മാപ്

പൊതുഗതാഗതങ്ങളില്‍ തിരക്കേറിയ സമയം എപ്പോഴാണ്? പോകുന്ന വഴിയില്‍ കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുണ്ടോ? കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളെവിടെ?…

ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് മനുഷ്യന്റെ ശീലങ്ങളെ വലിയ തോതില്‍ മാറ്റി മറിച്ചിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി. കോവിഡിന് ശേഷമുള്ള ലോകത്തിന് കൂടുതല്‍ ആവശ്യമുള്ള വിവരങ്ങള്‍ കൂടി ഉള്‍ക്കൊള്ളിക്കുന്നതാണ് ഗൂഗിള്‍ മാപ്പിന്റെ പുതിയ അപ്‌ഡേഷന്‍. പൊതുഗതാഗതങ്ങളില്‍ തിരക്കേറിയ സമയം എപ്പോഴാണ്? പോകുന്ന വഴിയില്‍ കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുണ്ടോ? കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങളെവിടെ തുടങ്ങി നിരവധിവിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് ഗൂഗിള്‍ മാപ്പിന്റെ പുതിയ അപ്‌ഡേഷന്‍.

പൊതുഗതാഗതമാണ് യാത്രക്ക് ഉപയോഗിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ റൂട്ട് മാപ്പിനൊപ്പം എഴുതി കാണിക്കും. സര്‍ക്കാര്‍ തലത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും ഗൂഗിള്‍ മുന്നറിപ്പ് സന്ദേശങ്ങളായി നല്‍കുക. ഇത്തരം മുന്നറിയിപ്പുകള്‍ ഇന്ത്യ, അര്‍ജന്റീന, ആസ്‌ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, കൊളംബിയ, ഫ്രാന്‍സ്, മെക്‌സിക്കോ, നെതര്‍ലാണ്ട്‌സ്, സ്‌പെയിന്‍, തായ്‌ലാന്റ്, യു.കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

ഇനി സ്വകാര്യ വാഹനങ്ങളിലാണ് യാത്രയെങ്കില്‍ പ്രത്യേകം അതിര്‍ത്തി ചെക് പോയിന്റുകളുണ്ടോ എന്ന വിവരവും അറിയിക്കും. നിലവില്‍ ഇത് കാനഡ, മെക്‌സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേ ലഭ്യമാവൂ. കോവിഡിന്റെ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും പരിശോധനാകേന്ദ്രങ്ങളെക്കുറിച്ചും ഗൂഗിള്‍ മാപ് വിവരം നല്‍കും.

കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തിരഞ്ഞാല്‍ കോവിഡ് പരിശോധനക്ക് അര്‍ഹതയുണ്ടോ എന്നറിയിക്കുന്ന മാനദണ്ഡങ്ങളും സൂചനയായി നല്‍കും. ഇത് ഇന്തോനേഷ്യ, ഇസ്രായേല്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പരിശോധനാ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയില്‍ മാത്രമാണ് നിലവില്‍ ലഭ്യമാവുകയെന്നും ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.

യാത്രകള്‍ക്ക് ബസുകളേയും ട്രയിനുകളേയും ആശ്രയിക്കുന്നവര്‍ക്ക് തങ്ങള്‍ യാത്ര ചെയ്യേണ്ട സ്റ്റേഷനുകള്‍ എത്രത്തോളം തിരക്കേറിയതാണെന്ന മുന്നറിയിപ്പും ഗൂഗിള്‍ മാപ് നല്‍കും. തിരക്കിനെക്കുറിച്ചുള്ള തല്‍സമയ വിവരങ്ങള്‍ക്കൊപ്പം മുന്‍ ദിവസങ്ങളിലെ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഏതെല്ലാം സമയത്താണ് കൂടുതല്‍ തിരക്കുണ്ടാവുകയെന്നും അറിയാനാകും. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഗൂഗിള്‍ മാപ് അപ്‌ഡേഷന്‍ ലഭ്യമാണ്.