Technology

വാട്ട്സ്ആപ്പില്‍ ഇനി വരാന്‍ പോകുന്ന അഞ്ച് മാറ്റങ്ങള്‍

നിരന്തരം മാറ്റങ്ങള്‍ കൊണ്ട് വന്ന് ഉപഭോക്താക്കളെ കാലത്തിനൊത്ത് തൃപ്തിപ്പെടുത്തുന്നതില്‍ മുമ്പില്‍ തന്നെയാണ് വാട്ട്സ്ആപ്പ്. ഫേസ്ബുക്കിന് തൊട്ട്പിറകെ വാട്ട്സ്ആപ്പില്‍ കൊണ്ടു വന്ന സ്റ്റാറ്റസ് അപ്ഡേഷനും പേയ്മെന്റ്, സ്റ്റിക്കര്‍ അപ്ഡേഷനുകളെല്ലാം തന്നെ മറ്റു മെസ്സേജിങ് സംവിധാനങ്ങളോടെല്ലാം മല്‍സരിക്കുന്ന രൂപത്തിലുള്ളവയായിരുന്നു. ദിനം പ്രതി മാറുന്ന ട്രന്‍ഡിനനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്ന വാട്ട്സ്ആപ്പില്‍ ഈ വര്‍ഷം വരാന്‍ പോകുന്ന അഞ്ച് മാറ്റങ്ങള്‍ ഇവയാണ്.

ഫിംഗര്‍ പ്രിന്റ് സെക്യൂരിറ്റി

നിലവിലുള്ള സുരക്ഷ ഒന്നുകൂടി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായി അതി സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍ പ്രിന്റ് സെക്യൂരിറ്റി സംവിധാനം കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് വാട്ട്സ്ആപ്പ്. ഇതിലൂടെ ഫിംഗര്‍ പ്രിന്റ് ഐ.ഡി വഴിയാകും തുടര്‍ന്ന് വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് അവരവരുടെ അക്കൗണ്ടുകളില്‍ കയറാന്‍ സാധിക്കുക. ഫിംഗര്‍ പ്രിന്റ് സംവിധാനത്തിന്റെ ആദ്യ പരീക്ഷണം ഐ ഫോണുകളിലേക്കും തുടര്‍ന്ന് മറ്റു ഓപ്പറേറ്റിങ് സംവിധാനങ്ങളിലേക്കും പുറത്തിറക്കും.

ഡാര്‍ക്ക് മോഡ്

ഫേസ്ബുക്ക് മെസ്സഞ്ചറില്‍ ഇക്കഴിഞ്ഞ ദിവസം ലഭ്യമായ ഡാര്‍ക്ക് മോഡ് ഫീച്ചര്‍ വൈകാതെ തന്നെ വാട്ട്സ്ആപ്പിലേക്കും പുറത്തിറക്കും. കണ്ണുകള്‍ക്ക് അധിക വ്യായാമം കൊടുക്കുന്നത് ഒഴിവാക്കുക, രാത്രി വായന/കാഴ്ച്ച എളുപ്പമാക്കുക എന്നിവയാണ് ഡാര്‍ക്ക് മോഡിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. ഡാര്‍ക്ക് മോഡ് മൊബൈലുകളുടെ ബാറ്ററി കാര്യക്ഷ്യമത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്

മറ്റു തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെയോ വെബ്സൈറ്റുകളുടെയോ സഹായമില്ലാതെ വാട്ട്സ്ആപ്പിനകത്ത് വെച്ച് തന്നെ വീഡിയോ/ഫോട്ടോ എന്നിവ തുറന്ന് കാണാനും ആസ്വദിക്കാനുമുള്ള സംവിധാനമാണ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്. ഈ സംവിധാനം വൈകാതെ തന്നെ വാട്ട്സ്ആപ്പില്‍ ലഭ്യമാകും.

മീഡിയ കണ്ടന്റ് പ്രിവ്യൂ

നോട്ടിഫിക്കേഷന്‍ വഴി ലഭിക്കുന്ന വീഡിയോ/ഫോട്ടോ സന്ദേശങ്ങള്‍ കാണാനുള്ള സൗകര്യം ഇത് വഴി ലഭിക്കുന്നു. നോട്ടിഫിക്കേഷന്‍ ബാര്‍ വലുതാക്കുന്നതിലൂടെ പ്രിവ്യൂ കാണാം എന്നതാണ് ഈ സംവിധാനത്തിന്റെ പ്ലസ് പോയിന്റ്.

തുടരെ പ്രവര്‍ത്തിക്കുന്ന ശബ്ദ സന്ദേശങ്ങള്‍

ഈ പുതിയ അപ്ഡേഷനിലൂടെ ശബ്ദ സന്ദേശങ്ങള്‍ തുടരെ തുടരെ കേള്‍ക്കാനുള്ള സൗകര്യം ലഭിക്കുന്നു. ആദ്യ ശബ്ദ സന്ദേശം ഓപ്പണാക്കുന്നതോടെ തന്നെ പിന്നീടുള്ള എല്ലാ ശബ്ദ സന്ദേശവും ഓട്ടോമാറ്റിക്കായി കേള്‍ക്കാന്‍ ഇതിലൂടെ സാധിക്കുന്നു.