Technology

വ്യാജവിവരങ്ങള്‍ തടയാന്‍ ഫേസ്ബുക്കിന്റെ പുത്തന്‍ ഫീച്ചര്‍

90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും…

വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയൊരു ഫീച്ചറുമായി ഫേസ്ബുക്ക്. 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വിലയിരുത്തല്‍.

മാസങ്ങളായുള്ള ഫേസ്ബുക്കിന്റെ ആഭ്യന്തര പഠനത്തില്‍ നിന്നു തന്നെ വാര്‍ത്തകള്‍ പുറത്തിറങ്ങിയ തിയതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. ഏത് വായിക്കണം ഏത് ഒഴിവാക്കണമെന്ന് ഉപയോക്താക്കള്‍ തീരുമാനിക്കുന്നത് ഇക്കാര്യം കൂടി കണക്കിലെടുത്താണ്. പഴയവാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ കറങ്ങി നടക്കുന്നതില്‍ പല മാധ്യമസ്ഥാപനങ്ങളും ആശങ്ക രേഖപ്പെടുത്തുക കൂടി ചെയ്തതോടെയാണ് പുതിയ നടപടിയെന്നാണ് ഫേസ്ബുക്ക് ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഇനിമുതല്‍ ആരെങ്കിലും 90 ദിവസത്തില്‍ കൂടുതല്‍ പഴക്കമുള്ള വാര്‍ത്താ സംബന്ധിയായ വിവരങ്ങളുടെ ലിങ്കുകള്‍ പങ്കുവെക്കാന്‍ ശ്രമിച്ചാല്‍ ഒരു മുന്നറിയിപ്പ് സന്ദേശം പ്രത്യക്ഷപ്പെടും. ഇനി ആരെങ്കിലും പഴയതെങ്കിലും വാര്‍ത്താ ലിങ്ക് പങ്കുവെക്കാന്‍ തീരുമാനിച്ചാല്‍ അതിന് തടസമില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്.

അടുത്തിടെയാണ് അമേരിക്കയിലെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫേസ്ബുക്ക് ടൈംലൈനില്‍ വരുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ ഓഫാക്കാനുള്ള ഓപ്ഷന്‍ ഫേസ്ബുക്ക് അവതരിപ്പിച്ചത്. 2020 അവസാനത്തില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഫേസ്ബുക്കിന്റെ നീക്കം. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം ഫേസ്ബുക്കിന് വലിയ തിരിച്ചടിയായിരുന്നു.