ടെക് ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കുന്നു എന്നത്. സോഷ്യൽ മീഡിയയും ഏറെ ആഘോഷമാക്കിയിരുന്നു ഈ വാർത്ത. ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്താൻ ടെസ്‌ലയുടെ ഓഹരി വിറ്റിരിക്കുകയാണ് ഇലോൺ മസ്‌ക്. 4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് മസ്‌ക് വിറ്റത്. ഓഹരികൾ വിറ്റതിന് ശേഷം ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരിക്കുകയാണ്. ഇനി കൂടുതൽ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു. ധനസമാഹരണത്തിനായി വിവിധ മാർഗങ്ങൾ മസ്‌ക് തേടുന്നുണ്ട്. ട്വിറ്റർ സ്വന്തമാക്കാനായി വായ്പ സംഘടിപ്പിക്കാനും മസ്‌ക് ശ്രമിക്കുന്നുണ്ട്.
വായ്പ തിരിച്ചടവിനുള്ള പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങളും മസ്‌ക് ഇതിനോടകം തന്നെ വ്യക്തമാക്കി. 44 ബില്യൻ ഡോളറിനാണ് മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. അതിൽ 13 ബില്യൻ ഡോളർ ആണ് മസ്ക് വായ്പ ആയി ആവശ്യപ്പെട്ടിരിക്കുന്നത്. അതിൽ ടെസ്‌ല സ്റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തിൽ 12.5 ബില്യൺ ഡോളർ വായ്പ അനുവദിക്കാമെന്ന് ധാരണയായി. ബാക്കി തുക സ്വന്തമായും അടയ്ക്കാനാണ് മസ്കിന്റെ തീരുമാനം.
ട്വീറ്റുകൾക്ക് നിരക്ക് ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ട്വിറ്റർ ബോർഡ് ഡയറക്ടർമാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിയന്ത്രണങ്ങൾ വരും. ഇതിലൂടെ 3 മില്യൺ ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഫെയ്സ്ബുക്ക് അടക്കമുള്ള മെറ്റ പ്ലാറ്റ്‌ഫോമിലെ സമൂഹമാധ്യമങ്ങൾ സാമ്പത്തികാധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന് സമാനമായി ട്വിറ്ററിലും മാറ്റങ്ങൾ വരുത്തുമെന്നാണ് തീരുമാനം.
മാത്രവുമല്ല തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സാധ്യതയുണ്ട്. ട്വിറ്റർ വാങ്ങിക്കാൻ ആവശ്യമായ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ടെസ്‌ല ഐഎൻസി മേധാവി പറഞ്ഞു. ട്വിറ്ററിന്റെ ഭാവി എന്ത് എന്നതിലെ ആശങ്ക കൊണ്ടുതന്നെ മറ്റു പല ബാങ്കുകളും മസ്കിനു വായ്പ നൽകാൻ താൽപര്യം കാണിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.