Technology

ചുമ്മാ യുട്യൂബ് കാണുന്നവര്‍ സൂക്ഷിക്കുക

വെറുതേയിരിക്കുമ്പോള്‍ യുട്യൂബ് വീഡിയോകള്‍ കാണുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. യുട്യൂബ് വീഡിയോകള്‍ നിങ്ങളുടെ മാനസികാവസ്ഥയെ തന്നെ സ്വാധീനിക്കുമെന്നും നീണ്ടകാലത്തെ ഈ ശീലം വ്യക്തിത്വത്തേയും സ്വഭാവത്തേയും വരെ വലിയ തോതില്‍ ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്.

സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോകളുടെ വൈകാരിക സ്വാധീനമെന്ന വിഷയത്തിലായിരുന്നു പഠനം നടന്നത്. കാണുന്ന വീഡിയോകള്‍ വ്യക്തികളുടെ സ്വഭാവത്തിലും ജീവിതത്തില്‍ തന്നെയും സ്വാധീനം ചെലുത്തുന്നുവെന്നാണ് പഠനം കാണിക്കുന്നത്. വൈകാരിക രോഗസംക്രമണമെന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

പനിയോ മറ്റ് രോഗങ്ങളോ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നതുപോലെതന്നെയാണ് ഇതും സംഭവിക്കുന്നത്. നിരന്തരം കാണുന്ന വീഡിയോകള്‍ക്ക് സമാനമായ വീഡിയോകളായിരിക്കും യുട്യൂബ് നിങ്ങള്‍ക്ക് മുന്നിലെത്തിക്കുക. അതുകൊണ്ടുതന്നെ കാണുന്ന വീഡിയോകള്‍ക്കനുസരിച്ചുള്ള മാനസിക നിലയിലേക്ക് ഓരോരുത്തരും മാറുകയും ചെയ്യും.

വീഡിയോകള്‍ക്ക് ഹ്രസ്വ- ദീര്‍ഘകാല സ്വാധീനം ഓരോരുത്തരിലും ചെലുത്താനാകുമെന്നാണ് പഠനം വെളിവാക്കുന്നത്. യുട്യൂബ് നിരന്തരം കാണുന്നവരുടെ വൈകാരിക തലത്തെയാണ് ബാധിക്കുക. നെഗറ്റീവ് വീഡിയോകളാണ് നിങ്ങള്‍ നിരന്തരം കാണുന്നതെങ്കില്‍ അതേരീതിയിലായിരിക്കും ജീവിതത്തിലും സ്വഭാവത്തിലും പ്രതിഫലിക്കുക. ഇനി പോസിറ്റീവ് വീഡിയോകളാണ് നിങ്ങള്‍ക്ക് മുന്നിലെത്തുന്നതെങ്കില്‍ അങ്ങനെയും മാറ്റമുണ്ടാകാം.

അതുകൊണ്ടുതന്നെ വെറുതേയിരിക്കുമ്പോള്‍ യുട്യൂബില്‍ വീഡിയോകള്‍ ഓടിച്ച് കാണുന്ന ശീലമുള്ളവര്‍ ഏറെ സൂക്ഷിക്കേണ്ടതുണ്ട്. അവരുടെ വൈകാരിക നിലയെ അവരറിയാതെ തന്നെ ഇത്തരം സോഷ്യല്‍മീഡിയ സൈറ്റുകള്‍ സ്വാധീനിക്കുന്നുവെന്നാണ് കണ്ടെത്തല്‍. അഞ്ഞൂറ് കോടി യുട്യൂബ് വീഡിയോകളാണ് ഓരോ ദിവസവും ഇന്റര്‍നെറ്റിലൂടെ കാണുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്ന് തിരിച്ചറിയണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.