2011ല്‍ കൗമാര പ്രായത്തില്‍ ഐഫോണ്‍ ഐപാഡും വാങ്ങാന്‍ വൃക്ക വിറ്റ ചൈനീസ് യുവാവ് അവയവങ്ങള്‍ തകര്‍ന്ന് കിടപ്പിലായതായി റിപ്പോര്‍ട്ട്. 17 വയസ്സുള്ളപ്പോഴാണ് വാങ് ഷങ്കുന് ആപ്പിള്‍ ഉല്പന്നങ്ങള് വാങ്ങാന്‍ വൃക്കകളിലൊന്ന് വില്ക്കാന് ശസ്ത്രക്രിയക്ക് വിധേയമായത്. വൃക്ക വിറ്റ് 4500 ആസ്ത്രലിയന്‍ ഡോളറാണ് വാങ് സ്വന്തമാക്കിയത്. ആ പണമുപയോഗിച്ച് ഐഫോണും ഐപാഡും വാങ്ങുകയായിരുന്നു. അധികം വൈകാതെ ശസ്ത്രക്രിയയിലെ പിഴവ് മൂലം രണ്ടാമത്തെ വൃക്കയും തകരാറിലായി. മലമൂത്ര വിസര്‍ജനം പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് 2012ല്‍ വൃക്ക വാണിഭത്തിന് കൂട്ട് നിന്ന ഒമ്പതു പേരും ശസ്ത്രക്രിയ നടത്തിയ അഞ്ച് സര്ജന്മാരും അറസ്റ്റിലായി.
