ഇലക്ട്രോണിക് ഗൃഹോപകരണങ്ങള്‍ വീട്ടിലെത്തി റിപ്പയറും സര്‍വീസും ചെയ്ത് നല്‍കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ട് ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ട്. ആദ്യഘട്ടത്തില്‍ എയര്‍ കണ്ടീഷണര്‍ സര്‍വീസിംഗിനും റിപ്പയറിംഗിനുമാണ് ഫ്‌ലിപ്കാര്‍ട്ട് തുടക്കമിട്ടിരിക്കുന്നത്. ഈ ഘട്ടത്തില്‍ ബാംഗ്ലൂര്‍, കൊല്‍ക്കത്ത നഗരങ്ങളില്‍ മാത്രമാണ് ഈ സേവനങ്ങള്‍ ലഭ്യമാകുന്നത്. വരുംദിവസങ്ങളില്‍ രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് സേവനമെത്തിക്കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് വ്യക്തമാക്കി.
ഗൃഹോപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ ആവശ്യമറിയിക്കുന്നതിനനുസരിച്ചാണ് വീടുകളില്‍ ആളെത്തുക. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള ടൈം സ്ലോട്ട് ഓണ്‍ലൈനായി തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ടാകും. ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങുന്ന ഗൃഹോപകരണങ്ങളുടെ ഇന്‍സ്റ്റാലേഷനും കൂടുതല്‍ ഫലപ്രദമായി നടത്തുമെന്നാണ് പ്രഖ്യാപനം.
വിപണിയിലെ മറ്റ് സേവനദാതാക്കളെ പിന്തള്ളി വലിയ മുന്നേറ്റമുണ്ടാക്കാനായി വമ്പന്‍ പദ്ധതികളാണ് ഫ്‌ലിപ്പ്കാര്‍ട്ട് ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എയര്‍കണ്ടീഷന്‍ സര്‍വീസിംഗ് പരീക്ഷിച്ചതിന് ശേഷം ഉടന്‍ തന്നെ വാഷിംഗ് മെഷീന്‍ റിപ്പയറിംഗ് ആരംഭിക്കാനാണ് ഫ്‌ലിപ്കാര്‍ട്ട് ഒരുങ്ങുന്നത്.