Technology

കുതിപ്പ് തുടര്‍ന്ന് ആദിത്യ എല്‍ വണ്‍; നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്താലും വിജയകരം

ഭൂമി വിടാനൊരുങ്ങി ആദിത്യ എല്‍ വണ്‍. നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര 19ന് ആരംഭിക്കും.

ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ്.

നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എല്‍ ഒന്നിന്റെ മുന്നിലുള്ളത്. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1, ഇസ്രോയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്രൊയ്ക്കപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.