Technology

എന്തെല്ലാമാവും 2019ല്‍? മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലേക്ക് കണ്ണുനട്ട് ടെക് ലോകം

ഈ മാസം 25ന് ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എന്തെല്ലാമാവും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ടെക് ലോകം. സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിക്കുന്നതും അവിടെ അവതരിപ്പിക്കുന്ന അത്ഭുതങ്ങളിലേക്കാണ്. 2019 5ജി തരംഗമായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 5ജി പിന്തുണയുള്ള സ്മാര്‍ട്ട്‌ഫോണുകളാവും പ്രമുഖരെല്ലാം പ്രഖ്യാപിക്കുക.

ഇപ്പോള്‍ തന്നെ സാംസങ് തങ്ങളുടെ 5ജി മോഡലുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ക്യാമറയില്‍ കൊണ്ട് വരുന്ന മാറ്റങ്ങളാവും മറ്റൊന്ന്. രണ്ട് ക്യാമറയില്‍ കുറവുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോള്‍ ഇറങ്ങുന്നേയില്ല. മൂന്ന് മുതല്‍ ആറ് വരെ എത്തി ഫോണിലെ ക്യാമറക്കണ്ണുകള്‍. 48 മെഗാപിക്സലുമായി ഷവോമി ഇതിനകം ഞെട്ടിച്ച്കഴിഞ്ഞു. പിന്നാലെ മറ്റു കമ്പനികളും 48ല്‍ പിടിച്ചു. 2019 മടക്കാവുന്ന ഫോണുകളുടെത് കൂടിയാണെന്നാണ്(ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍) ടെക് രംഗത്തെ അഭിപ്രായം.

സാംസങ് കഴിഞ്ഞ ദിവസാണ് തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. വാവെയും ഷവോമിയും ഫോള്‍ഡബിള്‍ ഫോണുകള്‍ അവതരിപ്പിക്കാനിരിക്കുന്നു. 4ജി-എല്‍ടിഇ ടെക്‌നോളജയില്‍ നിന്നും വമ്പന്‍ മാറ്റങ്ങളോടെയാവും 5ജി എത്തുക. നെറ്റ് വര്‍ക്കിന്റെ വേഗത തന്നെയാവും ഏവരെയും അമ്പരപ്പിക്കുക. ഡൗണ്‍ലോഡിങും ഫയലുകള്‍ കൈമാറുന്നതുമൊക്കെ അതിവേഗത്തില്‍ സംഭവിക്കും. ടെലകോം ദാതാക്കളും 5ജി സേവനത്തെക്കുറിച്ചാണിപ്പോള്‍ ചിന്തിക്കുന്നത് തന്നെ.

2019 മധ്യത്തോടെ 5ജി ഫോണുകള്‍ വിപണിയില്‍ സജീവമാകുമെന്നാണ് ഇപ്പോഴത്തെ സംസാരം. പ്രമുഖ ചിപ്‌സെറ്റ് നിര്‍മ്മാതാക്കളായ ക്വാല്‍കോം 5ജി പിന്തുണക്കുന്ന സ്‌നാപ്ഡ്രാഗണ്‍ x55 പ്രഖ്യാപിച്ചു കഴിഞ്ഞു. 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ പ്രഖ്യാപനം തന്നെയാണ് ബാഴ്‌സലോണിയിലെ ചടങ്ങില്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ധനായ ബെന്‍ സ്റ്റാന്‍ണ്ടന്‍ വ്യക്തമാക്കുന്നത്. ചെെനീസ് കമ്പനികള്‍ കൊണ്ട് വരുന്ന മാറ്റങ്ങളെയാണ് ഇവരും നോക്കുന്നത്.