പ്രായം വെറും സംഖ്യ മാത്രമെന്ന് വീണ്ടും തെളിയിച്ച് സ്വീഡിഷ് ഫുട്ബോളർ സ്ളാട്ടൻ ഇബ്രഹിമോവിച്ച്. 41-ാം വയസ്സിൽ സ്വീഡൻ ദേശീയ ടീമിന്റെ വാതിൽ വീണ്ടും തുറന്നിരിക്കുകയാണ് ഈ എസി മിലൻ താരം. ബെൽജിയത്തിനും അസർബൈജാനും എതിരെ സ്വീഡന്റെ 2024 യൂറോ കപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ടീമിലേക്കാണ് സ്ളാട്ടനെ തെരഞ്ഞെടുത്തത്. എന്നാൽ, പരുക്കിന്റെ പിടിയിലായിരുന്ന താരം ഈ സീസണിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിനായി കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം മെയ്യിൽ കാൽമുട്ടിന് നടത്തിയ ശാസ്ത്രക്രിയ താരത്തിന്റെ ഫുട്ബോൾ സീസണിന് തിരിച്ചടി നൽകിയിരുന്നു. ഈ വർഷം ഫെബ്രുവരി അവസാനമാണ് തരം വീണ്ടും മിലാനിനു വേണ്ടി ബൂട്ട് അണിഞ്ഞത്.
എന്നാൽ, പരുക്കുകൾ ഭേദമായി തിരിച്ചു വരവിന് ഒരുങ്ങുന്ന താരത്തിന് തന്റെ ഫോമിലേക്ക് തിരിച്ചെത്താൻ സ്വീഡനോപ്പമുള്ള അന്തർദേശീയ മത്സരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഒരു വർഷം മുൻപായിരുന്നു ദേശീയ ടീമിനായി സ്ളാട്ടൻ അവസാനമായി ബൂട്ട് അണിഞ്ഞത്. കഴിഞ്ഞ വർഷം മാർച്ചിൽ സ്വീഡൻ ടീമിനൊപ്പം പോളണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്ളാട്ടൻ ബൂട്ട് കെട്ടിയിട്ടുണ്ട്.
എസി മിലന് വേണ്ടി സ്ളാട്ടൻ മൂന്ന് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. എങ്കിലും അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും നേതൃഗുണവും ടീമിന് കൂടുതൽ മേവച്ചപ്പെടുത്തും എന്ന ഉറപ്പാണ്. അല്ലെങ്കിൽ, അദ്ദേഹത്തെ ടീമിലേക്ക് തെരഞ്ഞെടുക്കേണ്ട ആവശ്യം ഇല്ല എന്നാണ് സ്വീഡൻ ദേശീയ ടീമിന്റെ പരിശീലകൻ ജെന്ന ആൻഡേഴ്‌സൺ വ്യക്തമാക്കിയത്.