Sports

ടി-20 ലോകകപ്പ്: പാകിസ്താനെ തകർത്ത് സിംബാബ്‌വെ, വിജയം ഒരു റണ്ണിന്

ടി-20 ലോകകപ്പില്‍ പാകിസ്താനെ തകർത്ത് സിംബാബ്‌വെ. ഒരു റണ്ണിനായിരുന്നു സിംബാബ്‌വെയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ മങ്ങി.

മോശം തുടക്കമായിരുന്നു പാകിസ്ഥാന്റേത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) റൺസെടുത്തു.

ഇഫ്തികര്‍ അഹമ്മദ് (5), ഷദാബ് ഖാന്‍ (17), ഹൈദര്‍ അലി (0), ഷഹീന്‍ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സിന് രണ്ട് വിക്കറ്റുണ്ട്.

മികച്ച തുടക്കമാണ് സിംബാബ്‌വെയ്ക്ക് ലഭിച്ചത്. അഞ്ച് ഓവറില്‍ 42 റണ്‍സ് നേടാന്‍ സിംബാബ്‌വെ ഓപ്പണര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ ക്രെയ്ഗ് ഇര്‍വിനെ (19) പുറത്താക്കി മുഹമ്മദ് വസിം പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. സ്‌കോര്‍ 43 ആവുമ്പോള്‍ വെസ്ലി മധെവേരെയും (17) പവലിയനില്‍ തിരിച്ചെത്തി. പിന്നീടെത്തിയവരില്‍ വില്യംസ് ഒഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.വാലറ്റത്ത് ബ്രാഡ് ഇവാന്‍സ്, റ്യാന്‍ ബേള്‍ എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 130ലെത്തിച്ചത്.