വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം. ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 9 വിക്കറ്റിനു മറികടന്ന മുംബൈ പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ 155 റൺസിനൊതുക്കിയ മുംബൈ 14.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിലും (3 വിക്കറ്റ്) ബാറ്റിംഗിലും (38 പന്തിൽ 77 നോട്ടൗട്ട്) തിളങ്ങിയ ഹേലി മാത്യൂസ് ആണ് മുംബൈയുടെ വിജയശില്പി. നാതലി ബ്രൻ്റ് (29 പന്തിൽ 55 നോട്ടൗട്ട്), യസ്തിക ഭാട്ടിയ (19 പന്തിൽ 23) എന്നിവരും മുംബൈക്കായി തിളങ്ങി. പ്രീതി ബോസ് ആണ് ബാംഗ്ലൂരിനായി വിക്കറ്റ് വീഴ്ത്തിയത്. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട ബാംഗ്ലൂർ ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റു.
ഗംഭീര തുടക്കമാണ് യസ്തികയും ഹേലിയും ചേർന്ന് മുംബൈക്ക് നൽകിയത്. അനായാസം ബാറ്റ് ചെയ്ത ഇരുവരും ആദ്യ വിക്കറ്റിൽ 45 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. യസ്തികയെ അഞ്ചാം ഓവറിൽ നഷ്ടമായെങ്കിലും നാതലി ബ്രൻ്റും ഹേലി മാത്യൂസും ചേർന്ന് മുംബൈയെ അനായാസം വിജയത്തിലേക്ക് നയിച്ചു. ഹേലി മാത്യൂസ് ആയിരുന്നു കൂടുതൽ അപകടകാരിയെങ്കിലും ബ്രൻ്റും തകർപ്പൻ ഇന്നിംഗ്സ് കാഴ്ചവച്ചു. ഹേലി 26 പന്തിലും ബ്രെൻ്റ് 28 പന്തിലും ഫിഫ്റ്റി തികച്ചു. അപരാജിതമായ 114 റൺസാണ് രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 18.4 ഓവറിൽ 155 റൺസിന് ഓളൗട്ടായി. മുന്നേറ്റ നിര നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയും വാലറ്റവുമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റിച്ച ഘോഷ് ആണ് ആർസിബിയുടെ ടോപ്പ് സ്കോറർ. മുംബൈ ഇന്ത്യൻസിനായി ഹേലി മാത്യൂസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.