Sports

പാക് താരങ്ങള്‍ക്ക് വിസ നിഷേധിച്ചു; ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ഗുസ്തി സംഘടന

പാകിസ്താനില്‍ നിന്നുള്ള ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ച സംഭവത്തില്‍ ഇന്ത്യക്കെതിരെ യുണൈറ്റഡ് വേള്‍ഡ് റസലിങ് (യു.ഡബ്ല്യു.ഡബ്ല്യു) രംഗത്ത്. സംഘടനയുടെ കീഴിലുള്ള മുഴുവന്‍ ഫെഡറേഷനുകളും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനുമായുള്ള (ഡബ്ല്യു.എഫ്.ഐ) ബന്ധം മരവിപ്പിക്കണം എന്നാണ് യു.ഡബ്ല്യു.ഡബ്ല്യു നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു. കൃത്യമായ ഉറപ്പുകള്‍ കിട്ടാതെ ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്പിക്‌സ് അടക്കമുള്ള കായിക മത്സരങ്ങള്‍ അനുവദിക്കില്ലെന്നാണ് ഐ.ഒ.സി അറിയിച്ചത്.

സംഭവത്തില്‍ ഡബ്ല്യു.എഫ്.ഐ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ശരണും അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറും പ്രതികരിച്ചിട്ടില്ല. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ, പാക് ഷൂട്ടിങ് താരങ്ങള്‍ക്ക് വിസ നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ലോകകപ്പിലെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ മത്സരത്തിന്റെ ഒളിമ്പിക് യോഗ്യതാ സ്റ്റാറ്റസ് ഐ.ഒ.സി റദ്ദാക്കിയിരുന്നു. ഈയിനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന പാകിസ്താന്‍ താരങ്ങളായ ജി.എം ബഷീര്‍, ഖലീല്‍ അഹമ്മദ് എന്നീ താരങ്ങള്‍ക്കാണ് ഇന്ത്യ വിസ നിഷേധിച്ചത്. ഒളിമ്പിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര ഗെയിംസുകള്‍ക്ക് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയുമായുള്ള എല്ലാ ചര്‍ച്ചകളും അവസാനിപ്പിക്കുന്നതായി ഐ.ഒ.സി എക്‌സിക്യുട്ടീവ് ബോര്‍ഡ് വക്താവ് അറിയിച്ചു. 2026 യൂത്ത് ഒളിമ്പിക്‌സ്, 2030 ഏഷ്യന്‍ ഗെയിംസ്, 2032 ഒളിമ്പിക്‌സ് എന്നിവയ്ക്ക് വേദിയാകാനുള്ള ഇന്ത്യയുടെ പദ്ധതികള്‍ക്കാണ് ഇതോടെ തിരിച്ചടിയാകുന്നത്.