ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിനു ഗോൾരഹിത സമനില. യൂറോപ്പ് മേഖലയിലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ അയർലൻഡാണ് കരുത്തരായ പോർച്ചുഗലിനെ പിടിച്ചുകെട്ടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ മുഖം ഭേദിക്കാൻ കഴിഞ്ഞില്ല. 81ആം മിനിട്ടിൽ പെപ്പെ രണ്ടാം മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് പോർച്ചുഗൽ അവസാന 9 മിനിട്ട് കളിച്ചത്.
സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പിൽ പോർച്ചുഗലാണ് ഒന്നാമത്. സെർബിയക്കും പോർച്ചുഗലിനും 17 പോയിൻ്റുകൾ വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ പോർച്ചുഗൽ ഒന്നാമത് നിൽക്കുകയാണ്. ഗ്രൂപ്പിൽ അയർലൻഡ് നാലാമതാണ്.
അതേസമയം, ലാറ്റിനമേരിക്കൻ മേഖലയിൽ ബ്രസീൽ ജയം തുടരുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ ബ്രസീൽ കൊളംബിയയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്രസീലിൻ്റെ ജയം. 72ആം മിനിട്ടിൽ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിൻ്റെ വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്രസീൽ അർഹിച്ച ജയം തന്നെയാണ് നേടിയത്. എന്നാൽ, കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞില്ലെന്നത് തിരിച്ചടിയാണ്.
ജയത്തോടെ ബ്രസീൽ ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി. 34 പോയിൻ്റുള്ള ബ്രസീലാണ് ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള അർജൻ്റീനയ്ക്ക് 25 പോയിൻ്റാണ് ഉള്ളത്.