പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ താര ലേലം അവസാനിച്ചതിന് പിന്നാലെ മത്സര ക്രമം പുറത്തിറക്കി ബി.സി.സി.ഐ. മാർച്ച് നാലിന് ഗുജറാത്ത് ജയന്റ്സ് vs മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ് ആദ്യ സീസൺ ആരംഭിക്കുന്നത്. മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. WPL 2023 ഫൈനൽ മാർച്ച് 26 ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കും.
ഉദ്ഘാടന പതിപ്പില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യുപി വാരിയേഴ്സ് തുടങ്ങി അഞ്ച് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ആദ്യ സീസണില്‍ 20 ലീഗ് മത്സരങ്ങളും 2 പ്ലേഓഫ് ഗെയിമുകളും 23 ദിവസങ്ങളിലായി നടക്കും. മുഴുവൻ ടൂർണമെന്റും മുംബൈയിൽ മാത്രമായിരിക്കും സംഘടിപ്പിക്കുക. 11 മത്സരങ്ങൾ ബ്രാബോൺ സ്റ്റേഡിയത്തിലും 11 മത്സരങ്ങൾ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലുമാണ് നടക്കുക.
അതേസമയം ക്രിപ്‌റ്റോയ്‌ക്കെതിരായ കടുത്ത നിലപാട് തുടരുന്ന ബിസിസിഐ ഈ വർഷത്തെ വനിതാ ഐപിഎൽ 2023-ൽ ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട എല്ലാത്തരം പരസ്യങ്ങളും സ്‌പോൺസർഷിപ്പുകളും നിരോധിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം പുരുഷന്മാരുടെ ഐപിഎൽ ടൂർണമെന്റിലും സമാനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വാതുവെപ്പ്, പുകയില പരസ്യങ്ങൾ എന്നിവയ്ക്കും ബിസിസിഐ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.