Football International Sports

കോപ അമേരിക്ക കളിക്കാൻ ഇന്ത്യയെ ക്ഷണിക്കുന്നത് എന്തിന്? ഇതാണ് കാരണം

അർജന്റീനയ്ക്കും ബ്രസീലിനും ഒപ്പം കോപ്പ അമേരിക്ക ടൂർണമെന്റിൽ പന്തു തട്ടാൻ ഇന്ത്യയ്ക്ക് ലഭിച്ച ക്ഷണം തീർത്തും അപ്രതീക്ഷിതമായിരുന്നു. ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ച് കൗതുകരമായ വാർത്തയാണിത്. ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ വിഖ്യാത താരങ്ങൾക്കൊപ്പം പന്തു തട്ടാനുള്ള അപൂർവ സൗഭാഗ്യമാണ് ഇന്ത്യൻ കളിക്കാർക്ക് ലഭിക്കുക.

എന്തു കൊണ്ട് ഇന്ത്യ

കോപ്പ അമേരിക്ക ടൂർണമെൻറിൽ അതിഥി രാജ്യങ്ങളായി മൽസരിക്കേണ്ട ആസ്‌ട്രേലിയയും ഖത്തറും പിൻമാറിയതോടെയാണ് ഇന്ത്യക്ക് അവസരം കൈവന്നത്. ആസ്‌ട്രേലിയയാണ് അവർക്ക് പകരക്കാരായി ഇന്ത്യയെ നിർദ്ദേശിച്ചത്.

എന്തു കൊണ്ട് ഇന്ത്യ എന്നത് സുപ്രധാന ചോദ്യമാണ്. ഇന്ത്യയിലെ വലിയ വിപണി മുന്നിൽക്കണ്ടാണ് കോപ അമേരിക്ക അധികൃതർ ഇത്തമൊരു തീരുമാനമെടുക്കാനുള്ള കാരണം. ഇന്ത്യ പങ്കെടുക്കുന്നുവെങ്കിൽ കോപ അമേരിക്കയുടെ ടിവി റേറ്റിങ് കുത്തനെ ഉയരും.

ഉദാഹരണത്തിന് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർലീഗിന് താരതമ്യേന മികച്ച കാഴ്ചക്കാരുണ്ട്. കാഴ്ചക്കാരുടെ എണ്ണത്തിൽ ലോകത്തെ മറ്റു പ്രധാന ഫുട്‌ബോൾ ലീഗുകൾക്കൊപ്പമാണ് ഐഎസ്എൽ. ബാർക് ഡാറ്റ പ്രകാരം 2019ലെ ഒരാഴ്ചയിൽ ഐഎസ്എല്ലിന് 3.16 ബില്യൺ മിനിറ്റ് വ്യൂവർഷിപ്പ് ഉണ്ടായിരുന്നു എങ്കിൽ ഈ ഐഎസ്എല്ലിൽ അത് 3.42 ബില്യൺ മിനിറ്റാണ്. ആദ്യ എട്ടു ദിവസത്തെ കണക്കാണിത്.

ഇതേ വിപണിയിൽ കണ്ണുവച്ചാണ് മുഴുവൻ ലാ ലീഗ മത്സരങ്ങളും ഇന്ത്യയിൽ ഫേസ്ബുക്ക് സൗജന്യമായി പ്രക്ഷേപണം ചെയ്യുന്നത്. സൗജന്യ ഫുട്‌ബോൾ പ്രക്ഷേപണങ്ങൾക്ക് പുറമേ, നിരവധി യൂറോപ്യൻ ക്ലബ്ബുകളാണ് ഇന്ത്യയിൽ അക്കാദമി തുടങ്ങുകയോ ഇന്ത്യൻ ക്ലബുകളുമായി സഹകരിക്കുകയോ ചെയ്യുന്നത്.

ചിറകടിച്ചുയരുന്ന ശക്തി

ആഗ്രഹങ്ങളിലേക്ക് ചിറകടിച്ചുയരുന്ന ശക്തിയെന്നാണ് ഇന്ത്യയെ ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫന്റിയോ വിശേഷിപ്പിച്ചത്. അണ്ടർ 17 ലോകകപ്പ് ഇന്ത്യയിലേക്ക് വരുന്നതിന്റെ മുമ്പോടിയായി ആയിരുന്നു ജിനായുടെ പരാമർശം.

ഈ വർഷം ജൂൺ 11നാണ് കോപ്പ അമേരിക്ക മൽസരങ്ങൾ ആരംഭിക്കുന്നത്. അർജൻറീനയും കൊളംബിയയുമാണ് ആതിഥേയർ. അതേസമയം, ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ ലോക കപ്പ് യോഗ്യതാ മൽസരങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിന്ന് ജൂണിലേക്ക് മാറ്റിയതോടെ കോപ്പയിൽ മൽസരിക്കുന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ മറുപടി നൽകിയിട്ടില്ല.