Football Sports

പ്രീമിയര്‍ ലീഗ് കിരീടം ആര് ഉയര്‍ത്തും?

ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് വരും നാളുകൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ലീഗ് ടൈടിലിനായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്. 34 മത്സരങ്ങളിൽ നിന്നും 85 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ക്ലോപ്പിന്റെ ചുവപ്പ്പട. എന്നാൽ 33 മത്സരങ്ങളിൽ നിന്നു 83 പോയന്റുമായി ഗാർഡിയോളയുടെ സിറ്റി തൊട്ടുപിന്നാലെയുണ്ട്.

സിറ്റിക്ക് ഇനി അവശേഷിക്കുന്നത് അഞ്ച് മത്സരങ്ങൾ. ലിവര്‍പൂളിന് നാലും.. ആര് ജയിക്കും? ആര് കപ്പ് ഉയർത്തും? സമനിലപോലും കപ്പിനെ സ്വാധീനിക്കുന്ന വരും നാളുകളിലേക്കാണ് ഇംഗ്ലീഷ് ഫുട്ബോൾ കടന്നുപോകുന്നത്. ഇരു ടീമുകളും അവശേഷിക്കുന്ന മുഴുവൻ മത്സരങ്ങളും ജയിച്ചാൽ സിറ്റി ഒരു പോയന്റിന് ലിവർപൂളിനെ പിന്നിലാക്കി കപ്പ് ഉയർത്തും.


സിറ്റിക്ക് അവശേഷിക്കുന്നത് അ‍ഞ്ച് മത്സരങ്ങളാണ്. ടോട്ടനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബേർൺലി, ലെസ്റ്റർ സിറ്റി, ബ്രൈയ്റ്റൺ, എന്നിവയാണ് എതിരാളികൾ. ഇതിൽ യുണൈറ്റഡുമായും ബേർൺലിയുമായും ബ്രൈയ്റ്റണുമായും എതിർ തട്ടകത്തിലാണ് മത്സരങ്ങൾ.


യുണൈറ്റഡ് ഡർബി ഈ ടൈട്ടിലിൽ നിർണായകമാവും. അവസാന മത്സരത്തില്‍ 3-1ന് സിറ്റിയാണ് ജയിച്ചത്. എങ്കിലും നിലവില്‍ സോള്‍ഷേറിന് കീഴില്‍ യുണൈറ്റഡ് നല്ല മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. അതിനാല്‍ ഓള്‍ഡ്ട്രാഫോഡിലെ യുണൈറ്റഡ് ഡര്‍ബി തീപ്പാറും.


ടോട്ടനം എന്ന കുതിരപ്പട

ടോട്ടനത്തോട് തുടരെ രണ്ട് മത്സരങ്ങള്‍ ഏറ്റമുട്ടാനിരിക്കുകയാണ് സിറ്റി. ചാമ്പ്യന്‍സ് ലീഗിലും തൊട്ടുടനെ പ്രീമിയര്‍ ലീഗിലുമാണ് ഏറ്റമുട്ടുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദത്തില്‍ ടോട്ടനത്തോട് സിറ്റി പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും സ്വന്തം തട്ടകത്തിലാണ്. അത് സിറ്റിക്ക് അനുകൂലമാവും. എന്നാലും ടോട്ടനത്തിന്റെ നിലവിലെ ഫോം തുടര്‍ന്നാല്‍ മത്സരം കനക്കും. പരിക്കിന്‍റെ പിടിയിലായതിനാല്‍ ഹാരി കെയ്ന്‍ കളിക്കാന്‍ സാധ്യത വളരെ കുറവാണ്.

ലെസ്റ്റര്‍ സിറ്റി പണി തരുമോ?

പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയുമായി നടന്ന ആദ്യ മത്സരത്തിൽ സിറ്റി 2-1ന് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇനി അവർ ഏറ്റുമുട്ടുന്നത് സിറ്റിയുടെ തട്ടകമായ ഇത്തിഹാദിലാണ്. അത് സിറ്റിക്ക് അനുകൂലമാവും.

എന്തായാലും സിറ്റിക്ക് ഇനിയുള്ള മത്സരങ്ങള്‍ പ്രയാസം നിറഞ്ഞത് തന്നെയാണ്. എന്നാല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഗാര്‍ഡിയോള. ലിവര്‍പൂള്‍ മുഴുവന്‍ മത്സരങ്ങള്‍ ജയിക്കുമെന്നും എന്നാല്‍ സിറ്റിയും അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് കപ്പ് ഉയര്‍ത്തുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

അവശേഷിക്കുന്ന മത്സരങ്ങള്‍ ലിവര്‍പൂളിന് അനായാസമോ?

എന്നാല്‍ ലിവര്‍പൂളിന് ഇനി അവശേഷിക്കുന്നത് നാല് മത്സരങ്ങളാണ്. കാര്‍ഡിഫ് സിറ്റി, ഹഡേഴ്സ്ഫീള്‍ഡ്, ന്യൂ‍കാസ്റ്റില്‍, വോള്‍വ്സ് എന്നിവരാണ് എതിരാളികള്‍.

ആദ്യപാദത്തില്‍ ഇവരോടെല്ലാം ലിവര്‍പൂള്‍ ജയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന മത്സരങ്ങള്‍ താരതമ്യേന ലിവര്‍പൂളിന് കഠിനമായതല്ല. വോള്‍വ്സ് മാത്രമാണ് ഇത്തിരിയെങ്കിലും പ്രയാസമുള്ള മത്സരം. ഈ അടുത്ത് എഫ്.എ കപ്പില്‍ ലിവര്‍പൂളിനെ വോള്‍സ് തകര്‍ത്തിട്ടുമുണ്ട്.

സലാഹിന്‍റെയും മാനേയുടെയും ഫോം

സലാഹിന്റെയും മാനേയുടെയും ഫോം ലിവര്‍പൂളിന് പ്രതീക്ഷയാണ്. കുറച്ച് കാലം സലാഹ് ഗോള്‍ കണ്ടെത്താന്‍ വിശമിച്ചിരുന്നു. എന്നാല്‍ നിലവില്‍ താരം നല്ല ഫോമിലാണ്. എന്തായാലും പ്രീമിയര്‍ ലീഗ് ടൈട്ടില്‍ കനക്കുകയാണ്. ആര് കപ്പ് ഉയര്‍ത്തുമെന്നറിയാന്‍ ഒരുപക്ഷേ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവരും..