ലാ ലിഗയിൽ റയൽ വയ്യദോലിഡിനെതിരെ ബാഴ്‍സലോണക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു മെസി. വയ്യദോലിഡിനെതിരായ ഗോള്‍വേട്ടയോടെ സൂപ്പര്‍താരം ലയണല്‍ മെസി പിന്നിലാക്കിയത് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ക്ലബ്ബിന് വേണ്ടി റൊണാള്‍ഡോ നേടിയ 606 ഗോള്‍ എന്ന നേട്ടമാണ് മെസി മറികടന്നത്.
വയ്യദോലിഡിനെതിരെ ഫ്രീ കിക്കില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ഇതോടെ മെസിയുടെ അക്കൌണ്ടില്‍ 607 ഗോളുകളായി. 75 ാം മിനിറ്റില്‍ മെസിയില്‍ നിന്നുമെത്തി രണ്ടാം ഗോള്‍. അതും ഒരു ക്ലാസിക് ഗോള്‍. ഇതോടെ റൊണാള്‍ഡോ നേടിയതിനേക്കാള്‍ രണ്ടു ഗോളുകള്‍ കൂടുതല്‍ മെസി തന്റെ അക്കൌണ്ടില്‍ ചേര്‍ത്തു. റൊണാള്‍ഡോയേക്കാള്‍ 119 മത്സരങ്ങള്‍ കുറച്ച് കളിച്ചാണ് മെസി ഈ നേട്ടം കൊയ്തത്. വയ്യദോലിഡിനെതിരെ നേടിയ ആദ്യ ഗോള്‍ മെസിയുടെ 50 ാമത് ഫ്രീ കിക്ക് ഗോളായിരുന്നു. 44 തവണ ബാഴ്സക്ക് വേണ്ടിയും ആറു തവണ അര്‍ജന്റീനക്ക് വേണ്ടിയുമാണ് മെസി ഫ്രീ കിക്കില്‍ നിന്ന് ഗോള്‍ കണ്ടെത്തുന്നത്. മെസിയെ പ്രശംസിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നാണ് മത്സരത്തിന് ശേഷം ബാഴ്സ മാനേജര്‍ ഏണസ്റ്റോ വാല്‍വെര്‍ദോയുടെ പ്രതികരണം.
”മെസിയുടെ പ്രതിഭയെ ഒന്നിനോടും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഓരോ തവണ മെസിയുടെ ബൂട്ടുകള്‍ പന്തില്‍ പതിയുമ്പോഴൊക്കെ എന്തെങ്കിലുമൊക്കെ പ്രത്യേകതയുണ്ടാകും. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല.” വാല്‍വെര്‍ദോ പറഞ്ഞു. വയ്യദോലിഡിനെതിരായ ഗംഭീര വിജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ബാഴ്സ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ, റയൽ വയ്യദോലിഡിനെ പരാജയപ്പെടുത്തിയത്. ഗോളടിക്കുന്നതിലും ഗോള്‍ അടിപ്പിക്കുന്നതിലും തന്റെ മാജിക് പുറത്തെടുത്ത മെസി, ബാഴ്സക്ക് മിന്നുന്ന ജയം നേടിക്കൊടുക്കുകയായിരുന്നു.