സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ വലന്‍സിയയിലെ മൂന്ന് കളിക്കാര്‍ക്കും ടീം ഡോക്ടര്‍ അടക്കമുള്ളവര്‍ക്കുമാണ് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്…
അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് എന്‍.ബി.എയിലെ മൂന്നാമതൊരു താരത്തിന് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗയില്‍ വലന്‍സിയ ടീമിലെ അഞ്ച് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
എന്‍.ബി.എയിലെ ഡെട്രോയിറ്റ് പിസ്റ്റണ്‍സ് താരം ക്രിസ്റ്റ്യന്‍ വുഡിനാണ് രോഗബാധ പുതുതായി സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് സഹതാരങ്ങളും ടീം ഒഫീഷ്യലുകളും വീടുകളില്‍ നിരീക്ഷണത്തിലായി. ഉട്ടാ ജാസ് ടീമിലെ റൂഡി ഗോബര്‍ട്ട്, ഡോണവന്‍ മിച്ചല്‍ എന്നീ താരങ്ങള്‍ക്കും നേരത്തെ വൈറസ്ബാധ സ്ഥിരീകരിച്ചിരുന്നു.
എന്‍.ബി.എ സീസണ്‍ നീട്ടിവെക്കുന്നതായി കഴിഞ്ഞ ബുധനാഴ്ച്ച തന്നെ അറിയിച്ചിരുന്നു. ഒരു മാസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ലീഗിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക.
അതേസമയം സ്‌പെയിനിലെ ഫുട്‌ബോള്‍ ലീഗായ ലാ ലിഗയിലെ വലന്‍സിയയിലെ കളിക്കാരടക്കം അഞ്ച് പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍ ഇസിക്വല്‍ ഗാരേ, യോസെ ഗായ എന്നിവരടക്കമുള്ള മൂന്ന് കളിക്കാര്‍ക്കും ക്ലബ് ഡോക്ടര്‍ക്കും മറ്റൊരു ടീം സ്റ്റാഫിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും യൂറോപ്പ ലീഗും ലാ ലിഗയും ബുണ്ടസ് ലീഗും സീരി എയും അടക്കം വിവിധ രാജ്യങ്ങളിലേയും പ്രദേശങ്ങളിലേയും ഫുട്‌ബോള്‍ മത്സരങ്ങള്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന് നീട്ടിവെച്ചിരിക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുകയാണ്.