2020-21ലെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് കളമൊരുങ്ങി. നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക് റണ്ണറപ്പായ പി.എസ്.ജിയെ നേരിടും. 2018ലെ ഫൈനലിസ്റ്റുകളായ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇത്തവണ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
പ്രീമിയര്‍ ലീഗ് പട്ടികയില്‍ മുന്നിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജര്‍മന്‍ ക്ലബ് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡാണ് എതിരാളികള്‍. മറ്റൊരു ക്വാര്‍ട്ടറില്‍ ചെല്‍സി എഫ്.സി പോര്‍ട്ടോയെ നേരിടും. ബയേണ്‍ – പി.എസ്.ജി മത്സര വിജയികള്‍ സെമിയില്‍ സിറ്റി – ഡോര്‍ട്മുണ്‍ഡ് മത്സര വിജയികളെ നേരിടും. ചെല്‍സി – പോര്‍ട്ടോ മത്സരത്തിലെ വിജയികള്‍ക്ക് റയല്‍ മാഡ്രിഡ് – ലിവര്‍പൂള്‍ മത്സരത്തിലെ വിജയികളാകും എതിരാളികള്‍.
2005ന് ശേഷം ലയണല്‍ മെസിയോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കാണ് ഇത്തവണ കളമൊരുങ്ങാന്‍ പോകുന്നത്. ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരങ്ങള്‍ ഏപ്രില്‍ ആറിന് നടക്കും. രണ്ടാം പാദം ഏപ്രില്‍ 13നും നടക്കും. മേയ് 29-ന് ഇസ്താംബൂളിലാണ് ഫൈനല്‍.