2019-20 സീസണില്‍ അത്‌ലറ്റികോയുടെ ടീമിലെ പ്രധാന താരമായിരുന്നു 25-കാരനായ എയ്ഞ്ചൽ കൊറയ. വിര്‍സാലിക്കോ പരിക്കു കാരണം നിരവധി മത്സരങ്ങളില്‍ പുറത്തായിരുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റെഡ്ബുൾ ലീപ്‌സിഷിനെ നേരിടാനൊരുങ്ങുന്ന അത്‌ലറ്റികോ മാഡ്രിഡിന് തിരിച്ചടിയായി രണ്ട് കളിക്കാരുടെ കോവിഡ് പരിശോധനാ ഫലങ്ങൾ. വിംഗർ എയ്ഞ്ചൽ കൊറയ, റൈറ്റ് ബാക്ക് സിമി വിർസാലികോ എന്നിവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതോടെ ഇരുവർക്കും ക്വാർട്ടർ ഫൈനൽ മത്സരം കളിക്കാനാവില്ലെന്നുറപ്പായി. ഇരുവരും തങ്ങളുടെ വീടുകളിൽ സെൽഫ് ഐസൊലേഷനിൽ കഴിയുകയാണെന്ന് ക്ലബ്ബ് അറിയിച്ചു.
🚨 🚨 Ángel Correa y Sime Vrsaljko, los dos positivos por coronavirus del Atlético de Madrid 🔴⚪️ https://t.co/n5uIJ3UGXs
— MARCA (@marca) August 10, 2020
രണ്ട് കളിക്കാർക്ക് കോവിഡ് ബാധിച്ച വിവരം അത്‌ലറ്റികോ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നെങ്കിലും ഇവർ ആരൊക്കെയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. അർജന്റീനക്കാരനായ കൊറയക്കും ക്രൊയേഷ്യൻ താരമായ വിർസാലിക്കോയ്ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ടീമംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും കോവിഡ് പരിശോധനക്ക് വിധേയരായി. എല്ലാവരുടെയും പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. വ്യാഴാഴ്ച ലിസ്ബണിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിനു മുന്നോടിയായി അത്‌ലറ്റി പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ഈ സീസണിൽ അത്‌ലറ്റികോയുടെ ടീമിലെ പ്രധാന താരമായിരുന്നു 25-കാരനായ എയ്ഞ്ചൽ കൊറയ. സീസണിൽ മൊത്തമായി 44 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം ചാമ്പ്യൻസ് ലീഗിൽ മാത്രം എട്ട് മത്സരം കളിച്ചു. വിർസാലിക്കോ കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ഏറെക്കുറെ മൈതാനത്തിനു പുറത്തായിരുന്നു.
പ്രീക്വാർട്ടറിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ ലിവർപൂളിനെ ഇരുപാദങ്ങളിലായി 2-4 ന് തോൽപ്പിച്ചാണ് അത്‌ലറ്റികോ അവസാന എട്ടിൽ ഇടംനേടിയത്. ഫെബ്രുവരിയിൽ നടന്ന ആദ്യപാദം സ്വന്തം ഗ്രൗണ്ടിൽ ഒരു ഗോളിന് ജയിച്ച സ്പാനിഷ് സംഘം, എവേ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരെ മുട്ടുകുത്തിച്ചത്. ഇരുമത്സരങ്ങളിലും എയ്ഞ്ചൽ കൊറയ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. ആദ്യപാദ മത്സരത്തിൽ വിർസാലിക്കോയും കളിച്ചിരുന്നു.