Sports

ടോക്യോ പാരാലിമ്പിക്സിന് വർണാഭമായ തുടക്കം

ടോക്യോ പാരാലിമ്പിക്സിന് വർണാഭമായ തുടക്കം. ജാപ്പനീസ് ചക്രവർത്തി നരുഹിതോ പാരാലിമ്പിക്സ് ഉദ്ഘാടനം ചെയ്തു. ടോക്യോയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. എന്നാൽ ചടങ്ങുകൾ കാണാൻ അധികം ആളുകൾ ഉണ്ടായിരുന്നില്ല. കൊവിഡ് രോഗബാധ കാരണം ഏതാണ്ടെല്ലാ മത്സരങ്ങളും കാണികളില്ലാതെയാണ് നടക്കുക. (Tokyo Paralympic Games Open)

3,400 ഓളം പാരാലിമ്പ്യൻസ് ആണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. കൊവിഡ് ആയതിനാൽ ഒളിമ്പിക്സ് പോലെ പാരാലിമ്പിക്സിലും സംഘാംഗങ്ങൾക്ക് എല്ലാവർക്കും മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് കായിക മാമാങ്കത്തിൽ നിന്ന് പിന്മാറിയ അഫ്ഗാനിസ്ഥാന് പിന്തുണ അർപ്പിച്ച് ഒരു വാളണ്ടിയർ അഫ്ഗാൻ പതാകയുമായി മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.

13 ദിവസമാണ് മത്സരങ്ങൾ നീണ്ടുനിൽക്കുക. 22 ഇനങ്ങളിലായി 539 സ്വർണമെഡലുകളാണ് സമ്മാനം.

54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുക. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആർച്ചറി, അത‍്‍ലറ്റിക്‌സ്‌ (ട്രാക്ക് ആൻഡ്‌ ഫീൽഡ്), ബാഡ്‌മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യൻ ടീമിലെ ഏക മലയാളി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മത്സരിക്കും.

ഷോട്ട് പുട്ട് താരം ടേക് ചന്ദ് ആണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകനായത്. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലു ക്വാറൻ്റീനിൽ ആയതിനാലാണ് ചന്ദിനെ പതാക ഏല്പിച്ചിരിക്കുന്നത്. മാരിയപ്പനൊപ്പം മറ്റ് അഞ്ച് അത്‌ലീറ്റുകൾ കൂടി ക്വാറൻ്റീനിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കാനായി ഇവർ എത്തിയ വിമാനത്തിൽ കൊവിഡ് ബാധിതനുണ്ടായിരുന്നു. ഇതേ തുടർന്നാണ് താരങ്ങളെ ക്വാറൻ്റീനിലാക്കിയത്.

മാരിയപ്പനും ഡിസ്കസ് ത്രോ താരം വിനോദ് കുമാറുമാണ് കൊവിഡ് ബാധിതനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നത്. ഈ താരങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങ് നഷ്ടമാവും. ആറ് ഒഫീഷ്യലുകളും അഞ്ച് അത്‌ലീറ്റുകളുമാണ് ഇന്ത്യൻ സംഘത്തെ പ്രതിനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുക്കേണ്ടിയിരുന്നത്. മാരിയപ്പൻ, വിനോദ് കുമാർ എന്നിവർക്കൊപ്പം ടേക് ചന്ദ്, ഭാരോദ്വഹന താരങ്ങളായ ജയ്ദീപ്, സഖിന ഖാത്തൂൻ എന്നീ താരങ്ങളും മാർച്ച് പാസ്റ്റിൽ പങ്കെടുക്കാനുള്ള താരങ്ങളാണ്.