ടോക്യോ പാരാലിമ്പിക്സ് ഹൈജമ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ ഇന്ത്യയുടെ നിഷാദ് കുമാറിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധി എംപിയും. നിഷാദിന്റ കഴിവിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്.
നിഷാദ് കുമാറിന്റെ നേട്ടത്തെ അഭിന്ദിച്ചുകൊണ്ടുകൊണ്ട് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. കായിക ദിനത്തില്‍ ഇന്ത്യക്കായി വീണ്ടുമൊരു വെള്ളി മെഡല്‍ ലഭിച്ചെന്നും നിഷാദ് ഇന്ത്യക്കാര്‍ക്ക് അഭിമാനമാണെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.
2.09 ഉയരം മറികടന്നാണ് നിഷാദ് കുമാര്‍ വെള്ളി മെഡല്‍ നേടിയത്. നിഷാദിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചാഹര്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു. 2009 മുതല്‍ പാരാ അത്ലറ്റികിസ് മത്സരങ്ങളില്‍ സജീവമാണ് നിഷാദ് കുമാര്‍. ഹിമാചലിലെ ഉന ഗ്രമത്തില്‍ നിന്നുള്ള താരമാണ് വലത് കൈ നഷ്ടപ്പെട്ട നിഷാദ് കുമാര്‍. 2019 ലോക പാരാ അത്ലറ്റികിസില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട് താരം.
ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യ മൂന്ന് മെഡലുകളാണ് ഇന്ന് സ്വന്തമാക്കിയത്. ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറും ഹൈജമ്പില്‍ നിഷാദ് കുമാറും ടേബിള്‍ ടെന്നിസില്‍ ഭവിന പട്ടേലുമാണ് മെഡല്‍ നേട്ടക്കാര്‍. ഏഷ്യന്‍ റെക്കോഡ്‌സ് മറികടന്നാണ് വിനോദ് കുമാറിന്റെ വെങ്കല നേട്ടം.