Sports

ടോക്യോ ഒളിമ്പിക്സ്: വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി; സിന്ധുവിന് അനായാസ ജയം

ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം തോൽവി. പൂൾ എയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ തോൽവി. ഹന്ന മാർട്ടിൻ ഇരട്ട ഗോൾ നേടിയപ്പോൾ ഷോന മക്കാലിൻ, ഗ്രേസ് ബാൾഡ്സൺ എന്നിവരും ബ്രിട്ടണു വേണ്ടി സ്കോർ ചെയ്തു. പെനൽറ്റി കോർണറിൽ നിന്ന് ഷർമിള ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. (tokyo olympics pv sindhu won womens hockey lost) കളി തുടങ്ങി 75ആം സെക്കൻഡിൽ തന്നെ ഗ്രേറ്റ് ബ്രിട്ടൺ ഇന്ത്യൻ വല തുളച്ചു. ഹന്ന മാർട്ടിനാണ് സ്കോറിംഗിനു തുടക്കമിട്ടത്. 19ആം മിനിട്ടിൽ ഹന്നയുടെ രണ്ടാം ഗോളിൽ ബ്രിട്ടൺ ലീഡ് ഉയർത്തി. 23ആം മിനിട്ടിൽ ഷർമിള ദേവിയിലൂടെ ഇന്ത്യ തിരിച്ചടിച്ചു. എന്നാൽ, മൂന്നാം ക്വാർട്ടറിൽ, 41ആം മിനിട്ടിൽ ഷോന മക്കാലിൻ നേടിയ ഗോളിൽ ബ്രിട്ടൺ വീണ്ടും ലീഡ് ഉയർത്തി. 57ആം മിനിട്ടിൽ ഗ്രേസ് ബാൾഡ്സൺ ആണ് ജർമ്മനിയുടെ നാലാം ഗോൾ നേടിയത്.

അതേസമയം, ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു പ്രീക്വാർട്ടറിൽ കടന്നു. ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.

ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യയുടെ തരുൺദീപ് റായ് വിജയിച്ചിരുന്നു. ഉക്രൈൻ്റെ ഒലക്സി ഹുൻബിനെയാണ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരം പരാജയപ്പെടുത്തിയത്. സ്കോർ 6-4. 4-1 എന്ന സ്കോറിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് തരുൺദീപ് ആവേശജയം സ്വന്തമാക്കിയത്. ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയാണ് അടുത്ത ഘട്ടത്തിൽ തരുൺദീപിൻ്റെ എതിരാളി. ജപ്പാൻ്റെ ഹിരോകി മുട്ടോയെ 7-3 എന്ന സ്കോറിനു കീഴ്പ്പെടുത്തിയാണ് ഇസ്രയേൽ താരം അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്.