Sports

ടോക്യോ ഒളിമ്പിക്സ്: 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് ജേക്കബ്സിന് സ്വർണം

ടോക്യോ ഒളിമ്പിക്സ് 100 മീറ്ററിൽ ഇറ്റലിയുടെ ലമോണ്ട് മാഴ്സൽ ജേക്കബ്സിന് സ്വർണം. 9.80 സെക്കൻഡിൽ ഓടിയെത്തിയാണ് ഇറ്റാലിയൻ താരം സ്വർണമെഡൽ സ്വന്തമാക്കിയത്. അമേരിക്കയുടെ ഫ്രെഡ് കെർലീ വെള്ളിയും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സേ വെങ്കലവും നേടി. യഥാക്രമം 9.84, 9.89 സെക്കൻഡുകളിലാണ് ഇരുവരും ഫിനിഷ് ലൈൻ തൊട്ടത്. (Olympics Lamont Jacobs gold) നേരത്തെ, 89 വർഷത്തിനു ശേഷം ഒളിമ്പിക്സ് 100 മീറ്റർ ഫൈനൽസിൽ പ്രവേശിക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡ് ചൈനയുടെ സു ബിങ്‌ടൈൻ സ്വന്തമാക്കിയിരുന്നു. സെമിഫൈനലിൽ 9.83 സമയം കുറിച്ച് ഒന്നാമതാണ് താരം ഫിനിഷ് ചെയ്തത്. അതേ സെമിയിൽ 9.84 സെക്കൻഡിൽ മൂന്നാമതായിരുന്നു ലമോണ്ട് ജേക്കബ്സ്. ഫൈനൽസിൽ 9.98 സെക്കൻഡിൽ ഫിനിഷ് ചെയ്ത ബിങ്ടെൻ ആറാം സ്ഥാനത്താണ് ഓട്ടം അവസാനിപ്പിച്ചത്.

അതേസമയം, ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ആവേശജയം കുറിച്ചു. ചൈനയുടെ ഹി ബിംഗ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിനു കീഴടക്കിയാണ് സിന്ധു ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കായി രണ്ടാം മെഡൽ നേടിയത്. സിന്ധുവിന് കനത്ത വെല്ലുവിളി ഉയർത്തിയതിനു ശേഷമാണ് ജിയാവോ തോൽവി സമ്മതിച്ചത്. കഴിഞ്ഞ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവാണ് സിന്ധു.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം ഗെയിമിൽ ചൈനയുടെ ഹി ബിംഗ് ജിയാവോ കടുത്ത വെല്ലുവിളി ഉയർത്തി. നീണ്ട റാലികളും തകർപ്പൻ സ്മാഷുകളും പിൻപോയിൻ്റ് ഡ്രോപ്പുകളും പിറന്ന രണ്ടാം ഗെയിമിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മത്സരിച്ചു. നീണ്ട റാലികൾ കരുത്തുറ്റ സ്മാഷിലൂടെയാണ് സിന്ധു പലപ്പോഴും ക്ലോസ് ചെയ്തത്. അതേസമയം, ജിയാവോയുടെ ക്ലോസിംഗ് ഗെയിം പലപ്പോഴും ഡിസ്ഗൈസ് ഡ്രോപ്പുകളായിരുന്നു. ഗെയിമിലുടനീളം സിന്ധു തന്നെയാണ് ലീഡ് ചെയ്തതെങ്കിലും അവസാനം വരെ പൊരുതിയാണ് ചൈനീസ് താരം കീഴടങ്ങിയത്.

സെമിയിൽ ചൈനീസ് തായ്പേയുടെ ലോക ഒന്നാം നമ്പർ താരം ടി വൈ തായിയോടാണ് സിന്ധു പരാജയപ്പെട്ടത്. 21-18, 21-12 ആണ് സ്കോർനില. ലോക റാങ്കിംഗ് ഒന്നാം താരമാണ് ഒപ്പം മത്സരിച്ച ടി വൈ തായ്. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പുറത്തായത്.