ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇതുവരെ ഒരേയൊരു മെഡൽ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഉദ്ഘാടന ദിനത്തിൽ മീരാബായ് ചാനു ഭാരോദ്വഹത്തിൽ നേടിയ വെള്ളിമെഡൽ മാത്രമാണ് ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം. 45ആം റാങ്കിലുള്ള ഇന്ത്യ ഇന്നും പ്രതീക്ഷയോടെ മത്സരങ്ങൾക്കിറങ്ങുന്നുണ്ട്. (olympics india 29 july) വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ പ്രീക്വാർട്ടറിൽ പിവി സിന്ധു ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ കീഴടക്കി ക്വാർട്ടറിൽ കടന്നു. പുരുഷ വ്യക്തിഗത അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ അതാനു ദാസ് ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ നേരിടും. രാവിലെ 7.31നാണ് മത്സരം. 91 കിലോഗ്രാമിനും അതിനു മുകളിലുമുള്ള പുരുഷ ബോക്സിംഗ് ക്വാർട്ടറിൽ ഇന്ത്യയുടെ സതീഷ് കുമാർ ഇന്ന് ഇറങ്ങും. രാവിലെ 8.48ന് ആരംഭിക്കുന്ന മത്സരത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെയാണ് അദ്ദേഹം നേരിടുക. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം ബോക്സിംഗ് ഹെവിവെയ്റ്റിൽ (91+) മത്സരിക്കുന്നത്. വനിതകളുടെ 51 കിലോഗ്രാം വ്യക്തിഗത ബോക്സിംഗ് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം കൊളംബിയൻ ബോക്സർ ഇൻഗ്രിറ്റ് വലൻസിയയുമായി ഏറ്റുമുട്ടും.
ഗോൾഫ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ അനിർബൻ ലാഹിരി 9ആം സ്ഥാനത്താണ്. മറ്റൊരു മത്സരം രാവിലെ 7.39ന് ആരംഭിക്കും. ഇന്ത്യയുടെ ഉദയൻ മാനേ മത്സരത്തിൽ പങ്കെടുക്കും. ഹോക്കി മത്സരത്തിൽ ഇന്ത്യ കരുത്തരായ അർജൻ്റീനയെ നേരിടുകയാണ്. ലോക റാങ്കിംഗിൽ നാലാമതുള്ള അർജൻ്റീനയാണ് നിലവിലെ ഒളിമ്പിക്സ് ജേതാക്കൾ. ഷൂട്ടിങ് റേഞ്ചിൽ വനിതകളുടെ 25 മീറ്റർ യോഗ്യതാ മത്സരത്തിൽ റാഹി സർനോബാതും മനു ഭാകറും മത്സരിക്കുകയാണ്. സർനോബാത് 12ആമതും മനു 21ആമതുമാണ് ഇപ്പോൾ നിൽക്കുന്നത്.
കപ്പലോട്ടത്തിൽ കെസി ഗണപതി വരുൺ തക്കാർ എന്നിവർക്ക് ഇന്ന് റേസ് ഉണ്ട്. ലേസർ റേസിൽ വിഷ്ണു ശരവണനും ഇന്ന് നീറ്റിലിറങ്ങും. വനിതകളുടെ ലേസർ റേഡിയൽ റേസിൽ നേത്ര കുമമനും ഇന്ന് മത്സരിക്കും. 100 മീറ്റർ പുരുഷ ബട്ടർഫ്ലൈ നീന്തലിൽ മലയാളി സജൻ പ്രകാശ് മത്സരിക്കുന്നുണ്ട്. വൈകുന്നേരം 4.16ന് നടക്കുന്ന രണ്ടാം ഹീറ്റിലാണ് സജൻ മത്സരിക്കുക. പുരുഷ ഡബിൾസ് തുഴച്ചിലിൽ ഇന്ത്യയുടെ അരവിന്ദ് സിങ്- അരുൺ ജാട്ട് സഖ്യം അഞ്ചാമത് ഫിനിഷ് ചെയ്തു.