Sports

ടോക്യോ ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ജേതാക്കളെ തകർത്ത് ഇന്ത്യ ക്വാർട്ടറിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ ജയം. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ മായോ കസെല്ല അർജൻ്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം 9 പോയിൻ്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. (olympics hockey india quarter) ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയ മത്സരത്തിൻ്റെ 43ആം മിനിട്ടിലാണ് ആദ്യ ഗോൾ പിറക്കുന്നത്. പെനൽറ്റി കോർണറിൽ നിന്ന് വരുൺ കുമാർ നേടിയ ഗോളിൽ ഇന്ത്യ മത്സരത്തിൽ ആദ്യമായി ലീഡെടുത്തു. എന്നാൽ, അഞ്ച് മിനിട്ടുകൾക്ക് ശേഷം അർജൻ്റീന തിരിച്ചടിച്ചു. പെനൽറ്റി കോർണർ മായോ കസെല്ല ഗോളാക്കിയപ്പോൾ സ്കോർ 1-1. കളി അവസാനിക്കാൻ മൂന്ന് മിനിട്ട് ബാക്കിയുള്ളപ്പോൾ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. ദിൽപ്രീത് സിംഗിൻ്റെ പാസിൽ നിന്ന് വിവേക് സാഗറാണ് ഗോൾ നേടിയത്. 59ആം മിനിട്ടിൽ ഇന്ത്യ മൂന്നാം ഗോളും നേടി. പെനൽറ്റി കോർണറിൽ നിന്ന് ഹർമൻപ്രീത് സിംഗ് അർജൻ്റൈൻ വല തുളച്ചതോടെ ഇന്ത്യ തകർപ്പൻ ജയവും ക്വാർട്ടർ ബെർത്തും ഉറപ്പിച്ചു.

നേരത്തെ, വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചു. ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിൻ്റെ വിജയം.

ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.