Sports

ടോക്യോ ഒളിമ്പിക്സ്: ‘മഴ മൂലം കളി നിർത്തിവച്ചു’; ഡിസ്കസ് ത്രോ മുടങ്ങിയപ്പോൾ കമൽപ്രീത് ഏഴാമത്

ടോക്യോ ഒളിമ്പിക്സ് വേദിയിൽ ഭീഷണിയായി കനത്ത മഴ. ഔട്ട്ഡോർ മത്സരങ്ങൾക്കെല്ലാം ഭീഷണിയായി കനത്ത മഴ പെയ്തപ്പോൾ അത് ഏറ്റവുമധികം ബാധിച്ചത് ഡിസ്കസ് ത്രോ വേദിയെ ആയിരുന്നു. കനത്ത മഴ മൂലം ഡിസ്കും പ്ലാറ്റ്ഫോമുമൊക്കെ തെന്നിയതിനാൽ പല താരങ്ങളുടെയും രണ്ടാം ശ്രമം ഫൗളായി. 12 താരങ്ങളിൽ ഏഴ് പേർക്കും രണ്ടാം ശ്രമത്തിൽ വിജയിക്കാനായില്ല. ഇന്ത്യൻ താരം കമൽപ്രീത് കൗറിൻ്റെ ശ്രമവും ഫൗളായി. കനത്ത മഴയിലും മത്സരം നടത്താൻ തീരുമാനിച്ച സംഘാടകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുകയാണ്. (rain discuss throw delayed)

ആദ്യ ശ്രമം അല്ലലില്ലാതെ അവസാനിച്ചപ്പോൾ അമേരിക്കയുടെ വാലറി ഓൾമൻ ആണ് ഏറ്റവും ദൂരെ ഡിസ്ക് എറിഞ്ഞത്. 68.98 ദൂരമെറിഞ്ഞ അമേരിക്കൻ താരത്തിനു പിന്നിൽ ക്യൂബയുടെ യെയ്മെ പെരസ് 65.72 മീറ്ററുമായി രണ്ടാമതും ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് 63.07 മീറ്റർ ദൂരെ ഡിസ്ക് എറിഞ്ഞ് മൂന്നാം സ്ഥാനത്തുമായിരുന്നു. ഇന്ത്യയുടെ കമൽപ്രീത് കൗർ 61.61 മീറ്റർ ദൂരത്തേക്ക് ഡിസ്ക് പായിച്ച് ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

രണ്ടാം ശ്രമത്തിലാണ് മഴ പെയ്ത് പലർക്കും കാലും കയ്യും ഇടറിയത്. വാലറിയുടെ രണ്ടാം ശ്രമം ഫൗളായി. ക്യൂബൻ താരം 62.16 ദൂരത്തേക്കാണ് രണ്ടാം ശ്രമത്തിൽ ഡിസ്ക് പായിച്ചത്. 65.34 ദൂരത്തേക്ക് ഡിസ്കെറിഞ്ഞ് ജർമൻ താരം ക്രിസ്റ്റിൻ പുഡൻസ് ക്യൂബയുടെ യെയ്മക്ക് കനത്ത വെല്ലുവിളി ഉയർത്തി. കമൽപ്രീതിൻ്റെ ഏറ് ഫൗളായി. ഇതോടെ താരം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടരെ പല താരങ്ങളുടെയും രണ്ടാം ശ്രമം വെള്ളത്തിൽ തെന്നി ലക്ഷ്യമില്ലാതെ പാഞ്ഞപ്പോൾ സംഘാടകർ ത്രോവിങ് സർക്കിളും ഡിസ്കും തുടച്ച് വീണ്ടും മത്സരം തുടരാനുള്ള ശ്രമത്തിലായി. എന്നാൽ, മഴ വർധിക്കുകയും താരങ്ങൾ പ്ലാറ്റ്ഫോമിൽ തെന്നിവീഴുകയും ചെയ്തതോടെ താത്കാലികമായി ഡിസ്കസ് ത്രോ മത്സരങ്ങൾ നിർത്തിവെക്കുകയായിരുന്നു.

അതേസമയം, ടോക്യോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിഫൈനലിൽ ഇന്ത്യ അർജൻ്റീനയെ നേരിടും. ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള അർജൻ്റീന മൂന്നാം നമ്പർ താരം ജർമ്മനിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് അവസാന നാലിലെത്തിയത്. ഓഗസ്റ്റ് നാലിനാണ് സെമിഫൈനൽ മത്സരങ്ങൾ നടക്കുക.