ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്ത്. 663 പോയിൻ്റോടെയാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 720ൽ 663 പോയിൻ്റാണ് താരം സ്വന്തമാക്കിയത്. അടുത്ത ഘട്ടത്തിൽ ഭൂട്ടാൻ താരം കർമയാണ് ദീപിക കുമാരിയുടെ എതിരാളി. ലോക റങ്കിംഗിൽ 191ആം സ്ഥാനത്ത് നിൽക്കുന്ന കർമക്കെതിരെ ദീപികക്ക് വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ക്വാർട്ടറിൽ ദക്ഷിണകൊറിയയുടെ ആൻ സാനെയാവും ദീപിക കുമാരിക്ക് നേരിടേണ്ടിവരിക. 680 പോയിൻ്റോടെ ലോക റെക്കോർഡ് സ്വന്തമാക്കി യോഗ്യതാ ഘട്ടത്തിൽ ഒന്നാമതാണ് ആൻ സാൻ ഫിനിഷ് ചെയ്തത്. ( Tokyo Olympics deepika kumari )
അമ്പെയ്ത്ത് യോഗ്യതാ ഘട്ടത്തിൽ കൊറിയൻ ആധിപത്യമാണ് കണ്ടത്. ആദ്യ മൂന്ന് സ്ഥാനങ്ങളും കൊറിയൻ താരങ്ങൾ കയ്യടക്കി. ആദ്യ പകുതിയിൽ ദീപിക നാലാം സ്ഥാനത്ത് എത്തിയിരുന്നു എങ്കിലും പിന്നീട് താഴേക്ക് പോയി. അവസാന റൗണ്ട് ആരംഭിച്ചപ്പോൾ ഏഴാം സ്ഥാനത്തായിരുന്ന താരം അവസാന ഷോട്ട് പിഴച്ചതോടെ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു.
അതേസമയം, 25 വർഷത്തെ റെക്കോർഡ് തിരുത്തിയാണ് ആൻ സാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. ഉക്രൈൻ ഇതിഹാസം ലീന ഹെറസിംനെങ്കോ 1996ലെ അറ്റ്ലാൻ്റ ഒളിമ്പിക്സിൽ കുറിച്ച 673 പോയിൻ്റാണ് ആൻ സാൻ പിന്തള്ളിയത്.
അതേസമയം, പുരുഷന്മാരുടെ യോഗ്യതാ മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ മോശം പ്രകടനം നടത്തുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ അതനു ദാസും പ്രവീൺ ജാദവും 329 പോയിൻ്റ് വീതം നേടി പട്ടികയിൽ 30, 31 സ്ഥാനങ്ങളിലാണ്. 323 പോയിൻ്റുള്ള തരുൺദീപ് റായ് 45ആം സ്ഥാനത്താണ്.